കൊൽക്കത്ത കേസില്‍ പോളിഗ്രാഫ് ടെസ്റ്റ് ഉടന്‍; മറ്റ് പരിശോധനകളില്‍ നിന്നുള്ള വ്യത്യാസം ഇതാണ്

കൊൽക്കത്തയിൽ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസിൽ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐക്ക് സുപ്രീം കോടതി അനുമതി നൽകി. പല തവണ ചോദ്യം ചെയ്തിട്ടും മറുപടികളിലെ പൊരുത്തക്കേടുകൾ തുടർന്നതോടെയാണ് കേന്ദ്ര ഏജൻസി ഇങ്ങനൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്. പോളിഗ്രാഫ് ടെസ്റ്റിനാണ് ഘോഷിനെയും മറ്റുള്ളവരെയും വിധേയമാക്കുന്നത്.
എന്താണ് പോളിഗ്രാഫ് ടെസ്റ്റ്
നുണപരിശോധന നടത്തുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ ഒന്നാണ് പോളിഗ്രാഫ് ടെസ്റ്റ്. ലൈ ഡിറ്റക്ടർ എന്നാണ് സെൻസറുകൾ ഉപയോഗിച്ചുള്ള ഈ പരിശോധനയുടെ വിശേഷണം. ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസനത്തിൻ്റെ അളവ് എന്നിവ സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കും. ഇതിനിടയിൽ ചോദ്യം ചെയ്യൽ നടത്തും. കള്ളം പറഞ്ഞാൽ മേൽപറഞ്ഞ കാര്യങ്ങളിൽ വ്യത്യാസം വരുമെന്നും അതനുസരിച്ച് പറയുന്നതു നുണയാണെന്ന് കണ്ടുപിടിക്കാനാകുമെന്നാണ് പറയപ്പെടുന്നത്.
പറയുന്നത് നുണയാണോ അല്ലയോ എന്ന് കണ്ടു പിടിക്കാൻ അവലംബിക്കുന്ന മറ്റ് രണ്ട് മാർഗങ്ങളാണ് നാർക്കോ അനാലിസിസും ബെയിൻ മാപ്പിംഗും. ചോദ്യം ചെയ്യപ്പെടാന്‍ പോകുന്ന ആളിൻ്റെ ശരീരത്തിലേക്ക് മെഡിക്കൽ വിദഗ്ധർ സോഡിയം പെൻ്റോതാല്‍, സോഡിയം അമിട്ടാല്‍ ഇവയിൽ ഏതെങ്കിലും ഒരു രാസവസ്തു കടത്തി വിടും. ട്രൂത്ത് സീറം എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ ശരീരത്തിൽ എത്തുന്നതോടെ ചോദ്യം ചെയ്യപ്പെടുന്നയാൾ അർധബോധാവസ്ഥയിലേക്ക് എത്തും. ഈ സാഹചര്യത്തിൽ ചിന്തിച്ചു കള്ളം പറയാനും മാറ്റിപ്പറയാനുമുള്ള ശേഷി കുറയും. അതിനാല്‍ സത്യം വെളിപ്പെടുത്തുമെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്.
ശരീരത്തിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ചുള്ള പരിശോധനാ രീതിയാണ് ബ്രെയിൻ മാപ്പിംഗ്. കഴുത്തിലും മുഖത്തും സ്ഥാപിക്കുന്ന ഇലക്ട്രോഡുകളിലൂടെ ചോദ്യം ചെയ്യപ്പെടുന്ന ആളിന്‍റെ ന്യൂറൽ ഘടന വിലയിരുത്തും. ബ്രെയിൻ വേവുകൾ എന്നറിയപ്പെടുന്ന വ്യക്തിയുടെ ന്യൂറോൺ തരംഗങ്ങളാണ് ബ്രെയിൻ മാപ്പിംഗ് കള്ളമാണോ അല്ലയോ എന്ന് തെളിയിക്കുന്നത്.
2012ലെ ഷീന ബോറ കൊലപാതകം, 2008ലെ ആരുഷി തൽവാർ കൊലപാതകം തുടങ്ങിയ രാജ്യത്തെ നടുക്കിയ കേസുകളിലെ നുണപരിശോധനകള്‍ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളാണ്. ആരുഷി കേസിൽ നാർക്കോ അനാലിസിസും ഷീന ബോറ കേസിൽ പോളിഗ്രാഫ് ടെസ്റ്റുമാണ് നടത്തിയത്. അതേസമയം, നുണ പരിശോധനകൾ എപ്പോഴും കൃത്യമാകില്ലെന്ന വാദങ്ങളുമുണ്ട്. കൃത്യമായ പരിശീലനം ഉണ്ടെങ്കിൽ ഈ പരിശോധനകളിലും കള്ളം പറയാമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here