ചുമ്മാ കുറേ പദ്ധതി പ്രഖ്യാപനങ്ങള്‍, അഥവാ ബജറ്റ് ബഡായികള്‍; പൊന്‍മുടി റോപ്പ്‌വേ 10 വര്‍ഷമായിട്ടും കടലാസില്‍ തന്നെ

ഒരിക്കലും നടപ്പിലാക്കാത്ത പദ്ധതികളുടെ പേരില്‍ രോമാഞ്ചം കൊള്ളിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ധനകാര്യമന്ത്രിമാരുടെ പതിവാണ്. പിണറായി സര്‍ക്കാര്‍ 10 വര്‍ഷമായി പൊന്‍മുടി വികസനത്തിന്റെ പേരില്‍ ബജറ്റില്‍ തുക വകയിരുത്തുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തെ പൊന്‍മുടി ടൂറിസം മേഖലയുടെ വികസനത്തിനായി 2016 -17ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് ഘടാഘടിയന്‍ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. “പൊന്‍മുടിയിലേക്ക് റോപ്പ്‌വേ നിര്‍മ്മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമായി 200 കോടി രൂപ, പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് നീക്കി വെക്കുന്നു. നടപ്പു വര്‍ഷം 5 കോടിയുടെ ചിലവ് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു പ്രഖ്യാപനം. ഇതാ പത്താം വര്‍ഷത്തിലും പൊന്‍മുടി റോപ്പ്‌വേ സാധ്യത പഠനത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

10 വര്‍ഷം മുമ്പ് ബജറ്റില്‍ റോപ്പ്‌വേ നിര്‍മ്മിക്കാന്‍ 5 കോടി വകയിരുത്തി എന്ന് പറഞ്ഞ സര്‍ക്കാരാണ് ഇപ്പോ വീണ്ടും സാധ്യതാ പഠനത്തിന് പണം നീക്കിവച്ചിരിക്കുന്നത്. ലോക സമാധാനത്തിന് കഴിഞ്ഞ ബജറ്റില്‍ 2 കോടി നീക്കി വെച്ചതും സര്‍ക്കാരിന്റെ ഒരു ബഡായി പ്രഖ്യാപനമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ (2024- 25) ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുപ്രധാനമായ മറ്റൊരു പ്രഖ്യാപനം നടത്തിയിരുന്നു.

“ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നവര്‍ പഠന ശേഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യാന്‍ അവസരം ഒരുക്കും. ഇതിനായി 10 കോടി രൂപ നീക്കിവെക്കും. അവര്‍ പിഎച്ച്ഡി പഠന ശേഷം നാട്ടില്‍ തിരിച്ചെത്തി നാടിന്റെ വികസനത്തിനായി മൂന്ന് വര്‍ഷം സേവനം നടത്തണം”
എന്നാല്‍ ബജറ്റിലൂടെ വാഗ്ദാനം ചെയ്ത ഈ തുക ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് നാളിതുവരെ അനുവദിച്ചിട്ടില്ല. ഇതാണ് ബജറ്റ് വാഗ്ദാനങ്ങളുടെ അവസ്ഥ.
ചുമ്മാ കുറേ തള്ളലുകള്‍ മാത്രം .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top