പൊന്നാനി ബോട്ട് അപകടത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ തൊഴിലാളികള്‍; കപ്പലിന്റെ ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നു; കണ്‍മുന്നില്‍ നഷ്ടമായത് രണ്ട് ജീവനുകള്‍

കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കപ്പല്‍ ഇടിക്കുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ബോട്ടിലെ തൊഴിലാളികള്‍. “ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നുമാറി. എഞ്ചിന്‍ ഉള്‍പ്പെടെ കടലില്‍ താഴ്ന്നു. തെര്‍മോകോള്‍ ഉണ്ടായിരുന്നതിനാല്‍ മുന്‍ഭാഗം പൊന്തിനിന്നു.” പൊന്നാനിയില്‍ നടന്ന അപകടത്തിന്റെ നടക്കുന്ന ഓര്‍മ പങ്കുവെച്ച് തൊഴിലാളികള്‍ പറയുന്നു. ഒപ്പമുള്ള രണ്ട് തൊഴിലാളികളുടെ ജീവന്‍ പൊലിഞ്ഞത് ഇവരുടെ കണ്‍മുന്നില്‍ വെച്ചാണ്. കപ്പലിന്റെ ഭാഗത്താണ് കുഴപ്പമെന്നും ഇവര്‍ പറയുന്നു.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ലക്ഷദ്വീപിലേക്കുള്ള ചരക്ക് എടുക്കാന്‍ കോഴിക്കോട്ടേക്ക് വരികയായിരുന്ന സാഗർ യുവരാജ് കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. നാലുപേരെ കപ്പലില്‍ ഉള്ളവരാണ് രക്ഷപ്പെടുത്തിയത്. മത്സ്യബന്ധത്തിന് പോയ മറ്റൊരു ബോട്ടിൽ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട ബോട്ടിന്റെ പകുതി ഭാഗം മറ്റൊരു ബോട്ടുകൊണ്ടു കെട്ടിവലിച്ച് ഉയർത്തിയപ്പോഴാണ് സലാമിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു.
ബോട്ട് കപ്പൽ ചാലിലല്ല , മീൻ പിടിക്കുന്ന മേഖലയിൽ ആയിരുന്നുവെന്നാണ് അപകടത്തിൽപ്പെട്ട തൊഴിലാളികള്‍ പറയുന്നത്. കപ്പലിന്റെ സഞ്ചാരപാതയിലുണ്ടായ പിഴവാണോ ദുരന്തത്തിലേക്ക് നയിച്ചത് എന്ന സംശയമാണ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here