ഭാര്യയോടുള്ള പകയില്‍ കൊന്നത് ഭാര്യാപിതാവിനെയും സഹോദരനെയും; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം പൂജപ്പുരയില്‍ സിഐടിയു തൊഴിലാളി സുനിൽകുമാർ, മകൻ എസ്.അഖിൽ എന്നിവരെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. സുനിൽകുമാറിന്റെ മരുമകൻ മുട്ടത്തറ അരുണിനെയാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡിഷനൽ സെഷൻസ് ജഡ്ജ് കെ വിഷ്ണുവിന്റെതാണ് വിധി.
2021 ഒക്ടോബറിലാണ് സംഭവം. അരുൺ ഭാര്യയായ അപർണയെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് രണ്ട് വയസായ മകളെയും കൂട്ടി അപര്‍ണ സ്വന്തം വീട്ടിലേക്ക് വന്നു. അരുൺ ഫോണിൽ വിളിച്ച് കൊല്ലപ്പെട്ട സുനിൽകുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തി. ഒക്ടോബർ 12ന് രാത്രി എട്ട് മണിയോടെ അരുൺ അപർണയെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. പിന്നാലെ പൂജപ്പുരയിലെ ഭാര്യയുടെ വീട്ടിൽ വന്ന് വഴക്കുണ്ടാക്കി. അരുൺ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് അഖിലിനെയും സുനിൽകുമാറിനെയും കുത്തി. ഭാര്യയെയും കുത്താൻ ശ്രമിച്ചു.
പരുക്കേറ്റ സുനിൽകുമാറിനെയും അഖിലിനെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുത്താന്‍ ഉപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും അഖിലിന്റെ രക്തത്തിന്റെ അവശിഷ്ടം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കൂടാതെ പ്രതി ഡോക്ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here