ക്രൂരറാഗിങ്ങിനിരയായി മരിച്ച സിദ്ധാര്‍ത്ഥനെതിരെ പരാതി; മരണശേഷം വന്ന പരാതി പരിഗണിക്കാൻ രണ്ട് യോഗങ്ങളും; ആകെ ദുരൂഹതയായി കോളജ് നടപടികൾ

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ക്രൂരറാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ശേഷം മരിച്ച നിലയില്‍ കണ്ട സിദ്ധാര്‍ത്ഥനെതിരെ വന്ന പരാതി കെട്ടിച്ചമച്ചതെന്ന് സംശയം. മരിച്ച ശേഷമാണ് സിദ്ധാര്‍ത്ഥനെതിരെയുള്ള പരാതി കോളജിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് ലഭിക്കുന്നത്. മരിച്ച വിദ്യാര്‍ഥിക്കെതിരെ വന്ന പരാതി പരിഗണിക്കാന്‍ സമിതി രണ്ട് തവണ യോഗം ചേര്‍ന്നെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. യോഗം ചേര്‍ന്നെന്ന റിപ്പോര്‍ട്ടില്‍ കമ്മിറ്റിയിലെ ഒരു അധ്യാപകന്‍ 2026 വര്‍ഷം വെച്ചാണ് ഒപ്പിട്ടത്. ഈ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ധൃതിയില്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് ആണിതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഫെബ്രുവരി 14 ന് നടന്നതായുള്ള സംഭവത്തിന്റെ പേരിലുള്ള പരാതി 18നാണ് നല്‍കിയിരിക്കുന്നത്. 19ന് പരാതി സ്വീകരിച്ച ശേഷം പരാതി പരിഹാര സമിതിക്ക് നല്‍കുന്നത് 22നും. 26ന് സമിതി ചേര്‍ന്നാണ് പരാതി പരിശോധിക്കുന്നത്. ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. മരണമടഞ്ഞതിനാല്‍ കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാണിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ 18ന് ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ടമര്‍ദ്ദനത്തിനും ഇരയായി മരിച്ചിട്ടും അതൊന്നും പരിശോധിക്കാന്‍ തയ്യാറാകാതെയാണ് കോളജ് അധികൃതര്‍ ഒരു പരാതിയുടെ പിന്നില്‍ തൂങ്ങിയത്.

ഈ മാസം 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥനെ സീനിയർ വിദ്യാർഥികൾ ഗ്രൗണ്ടിൽ സംഘം ചേർന്നു ക്രൂരമായി റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പുറത്തുവന്ന വിവരം. ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാര്‍ത്ഥന്‍ ക്രൂര മർദനത്തിനിരയായെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായും വിദ്യാര്‍ഥികള്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ കോളേജിലെ എസ്എഫ്ഐ നേതാക്കളടക്കം പത്തു പേര്‍ അറസ്റ്റിലാണ്. സിദ്ധാർഥനെ മർദിച്ചതിൽ ഇരുപതോളം പേർക്ക് പങ്കുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top