പൂക്കോട് വെറ്ററിനറി കോളജിലെ റാഗിങ്ങില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി; ആന്റി റാഗിങ് സമിതിയോട് റിപ്പോര്‍ട്ട് തേടി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജില്‍ കഴിഞ്ഞ വര്‍ഷം നടന്ന റാഗിങ്ങിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്‍റെ മരണത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സസ്പെൻഷൻ റദ്ദാക്കാന്‍ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ വര്‍ഷമാണ് അമരേഷും അജിത്തും ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി ആരോപിക്കുന്നത്. ആന്‍റി റാഗിംങ് സമിതി അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിച്ച വിദ്യാര്‍ത്ഥി പരാതി നല്‍കിയതുമില്ല. ഇതോടെ തുടര്‍ നടപടികള്‍ അവസാനിച്ചിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥന്‍റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അമരേഷിനും അജിത്തിനുമെതിരെ ഉണ്ടായ ആരോപണത്തില്‍ കോളജ് നടപടി എടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കായിരുന്നു സസ്പെന്‍ഷന്‍.
കോളജില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വരുത്തി തീര്‍ത്ത്
സിദ്ധാര്‍ത്ഥന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതല്‍ പിന്‍ബലം ലഭിക്കാന്‍ ആന്റി റാഗിങ് സമിതി ശ്രമിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സംഭവത്തിന്റെ പശ്ചാത്തലം വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആന്റി റാഗിങ് സമിതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here