സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം; നാളെ വയനാട് എത്തി തെളിവെടുക്കും; അഞ്ച് ദിവസം കമ്മീഷന്‍ വയനാട്ടില്‍ തുടരും

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ അന്വേഷണവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നാളെ കമ്മീഷന്‍ വയനാട്ടിലെത്തും. പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും.
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും എത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം ഇന്നലെ വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും.
വയനാട് എസ്പി ടി.നാരായണനുമായി സിബിഐ സംഘം ചര്‍ച്ച നടത്തി. കേസ് അന്വേഷിച്ച കല്‍പറ്റ ഡിവൈഎസ്പി ടി.എൻ.സജീവനുമായും സംസാരിച്ചിരുന്നു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ വിവിധ തലത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഗവര്‍ണര്‍ നിയോഗിച്ച കമ്മീഷനും അന്വേഷണം തുടരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here