മകനെ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ മാനസികാവസ്ഥ എന്തെന്ന് ദൈവം അറിയിക്കും… സിദ്ധാർത്ഥൻ്റെ അമ്മയുടെ പ്രതികരണം ആർക്കുള്ള മുന്നറിയിപ്പ്

റാഗിംഗിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ അമ്മയുടെ ഹൃദയഭേദകമായ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് സ്വീകരിക്കാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

“കൊലയാളികളായാൽ അവരുടെ മനസികനിലയെ കുറിച്ച് ഓർമ്മവരും. ഒരു കുടുംബത്തിൻ്റെ കണ്ണീര്… ആ മാനസികാവസ്ഥ…ദൈവം അതറിയിക്കും” – എന്നാണ് സിദ്ധാർത്ഥൻ്റെ അമ്മ ഷീബ ജയപ്രകാശ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സിദ്ധാർത്ഥൻ കേസിലെ പ്രതികളുടെ ഫീസ് സ്വീകരിക്കണമെന്ന് നിർദേശിക്കുന്ന പത്രവാർത്തയും അവർ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പ്രതികളായ വിദ്യാർത്ഥികളെ മണ്ണുത്തി ക്യാംപസിലേക്ക് മാറ്റാൻ മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നതിൽ തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവ് നൽകിയത്. മണ്ണുത്തിയിൽ പ്രതികൾക്ക് പ്രവേശനം നൽകിയാൽ അവിടെ വിദ്യാർത്ഥികളുടെ എണ്ണം അനുവദനീയമായതിനേക്കാൾ കൂടുതലാവും. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ഹർജി നൽകിയിരുന്നത്. ഹർജിയിൽ വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയെ കോടതി കക്ഷി ചേർത്തു. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here