ജയിലിലായെങ്കിലും എന്റെ മകന് ജീവൻ നഷ്ടപ്പെട്ടില്ല; അവൻ സേഫാണ്, ഇനി ഞാനുറങ്ങട്ടെ; സിദ്ധാർത്ഥൻ വധക്കേസിൽ കുടുങ്ങിയ വിദ്യാർത്ഥികളിലൊരാളെ ജയിലിൽ പോയി കണ്ട ഒരമ്മയുടെ കുറിപ്പ്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാര്‍ത്ഥനെ അതിക്രൂരമായി മര്‍ദ്ദിച്ച 19 പ്രതികളില്‍ 18 പേരും ജയിലിലാണ്. ഒരാള്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവരിൽ പലർക്കും മൂന്ന് വര്‍ഷ പഠനവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെല്ലാവരും നിലവില്‍ വൈത്തിരി സബ് ജയിലിലാണ്. അന്വേഷണം സിബിഐ ഏറ്റെടുക്കുമ്പോള്‍ കേസ് കൂടുതല്‍ സങ്കീർണമാകുമെന്ന് ഉറപ്പായി. വിദ്യാര്‍ഥികളുടെ ഭാവിയും തികഞ്ഞ അനിശ്ചിതത്വത്തിലുമായി. ഈ സാഹചര്യത്തിലാണ് മകൻ്റെ ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്നൊരമ്മ ആശ്വസിക്കുന്നത്. തൻ്റെ മകനും സിദ്ധാർത്ഥനും തമ്മിലുണ്ടായിരുന്ന ആത്മബന്ധവും അമ്മ ഓർത്തെടുക്കുന്നു. ജയിലില്‍ പോയി മകനെ കണ്ട ശേഷം വാട്സാപ്പ് ഗ്രൂപ്പിലിട്ട തികച്ചും വികാരനിര്‍ഭരമായ കുറിപ്പ് ആരുടെയും മനസലിയിക്കും.

റഹാന്‍ എന്ന വിദ്യാർത്ഥിയുടെ അമ്മയായ മേരി മിറാന്‍ഡയാണ് മാതാപിതാക്കളുടെ ഗ്രൂപ്പിൽ കഴിഞ്ഞദിവസം ഈ കുറിപ്പിട്ടത്. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥന്‍ റഹാന്‍ വിളിച്ചത് അനുസരിച്ചാണ് തിരികെ കോളജിലേക്ക് തന്നെ മടങ്ങിയത്. ഇത് മരണത്തിലേക്കുള്ള യാത്രയുമായി. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഈ അമ്മയുടെ മനസുലഞ്ഞിട്ടുണ്ട്. മകന്റെ അവസ്ഥയോര്‍ത്ത് ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ തമ്മിലുള്ള ബന്ധം ഓര്‍ത്തെടുത്ത് അമ്മ ഇങ്ങനെ കുറിക്കുന്നത്. “കഴിഞ്ഞ വര്‍ഷം ആദ്യം ഒരു ഇഷ്യൂ പറഞ്ഞതാ… മക്കളെ, ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ കംപ്ലെയ്ൻ്റ് ചെയ്യണമെന്ന്. എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഊട്ടിയ മകനാണ് സിദ്ധാർഥ്. എന്റെ മകന്‍ സിദ്ധാര്‍ഥന്‍റെ വീട്ടില്‍ പോയപ്പോള്‍ അവന്റെ അമ്മ രണ്ട് കേക്ക് രാത്രിക്ക് രാത്രി ഉണ്ടാക്കിക്കൊടുത്തതാണ്. എവിടെയാണ് തെറ്റ് പറ്റിയത്. ‘Anyway I am at peace.’ അവന് പഠനം നഷ്ടപ്പെട്ടു. പക്ഷെ അവന് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ജയിലില്‍ ആണെങ്കിലും അവന്‍ സെയ്ഫാണ്. ഇനി ഞാന്‍ ഉറങ്ങട്ടെ.” കുറിപ്പില്‍ പറയുന്നു.

അതിക്രൂര റാഗിങ്ങിന് ഇരയായി ഫെബ്രുവരി 18ന് സിദ്ധാര്‍ത്ഥന്‍ മരിച്ച ശേഷം ഒട്ടനവധി രക്ഷിതാക്കള്‍ക്കാണ് ഉറക്കം നഷ്ടമായിരിക്കുന്നത്. ഈ അമ്മയുടെ നൊമ്പരം നിറഞ്ഞ വാക്കുകളില്‍ അതെല്ലാം തന്നെ പ്രകടമാണ്. ഈ ഗ്രൂപ്പില്‍ അവരുടെ സന്ദേശങ്ങളെല്ലാം തന്നെ ഹൃദയസ്പര്‍ശിയായതും മനസുകളെ പിടിച്ചുകുലുക്കുന്നതുമാണ്. മറ്റൊരു സന്ദേശത്തില്‍ അവര്‍ പറയുന്നത് ഇങ്ങനെ: “എന്തായാലും എന്റെ ഭയവും ആശങ്കകളും തീര്‍ന്നു. എന്റെ മോന്‍ സെയ്ഫാണ്. വൈത്തിരി സബ് ജയിലില്‍. ഇന്ന് അവിടെപ്പോയി അവനെ കണ്ടു. ഇന്ന് സമാധാനമായി ഉറങ്ങാം.”-മേരി മിറാന്‍ഡ കുറിക്കുന്നു.

അക്രമത്തിന് നേതൃത്വം നല്‍കിയവരുടെ ഭീഷണികൊണ്ടും സമ്മര്‍ദം കൊണ്ടും മിണ്ടാതെ നിസഹായരായി നിൽക്കേണ്ടിവന്ന കുട്ടികളുണ്ട്. ഇവരും കേസില്‍ പ്രതികളായിട്ടുണ്ട്. ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കളും ഒരുപോലെ ദു:ഖിക്കുകയുമാണ്‌. സിദ്ധാര്‍ത്ഥന്‍റെ വേര്‍പാടില്‍ ആ കുടുംബവും ഉലഞ്ഞിരിക്കുകയാണ്. കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്ത് വലിയ അസ്വസ്ഥതകളാണ് സിദ്ധാര്‍ത്ഥന്‍റെ മരണം സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഈ അസ്വസ്ഥത തീരില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് മേരി മിറാന്‍ഡയുടെ ഈ കുറിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top