സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐക്ക് പുതിയ എഫ്ഐആര്‍; 20 പേര്‍ പ്രതികള്‍; കേരള പോലീസ് കൈമാറിയത് 29 മണിക്കൂര്‍ നീണ്ട ക്രൂര പീഡനത്തിന്റെ വിവരങ്ങള്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്‍റെ (20)മരണത്തില്‍ സിബിഐ ഔദ്യോഗിക അന്വേഷണം തുടങ്ങി. ക്രിമിനല്‍ ഗൂഡാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളും കേരള റാഗിംഗ് നിരോധന നിയമ വകുപ്പുകളും ചേര്‍ത്ത് 20 പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

എസ്എഫ്ഐ നേതാക്കളായ യൂണിയൻ പ്രസിഡന്റ് കെ.അരുൺ , എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിറ്റ് അംഗങ്ങളായ ആസിഫ് ഖാൻ, എസ്.അഭിഷേക് ,കെ.അഖിൽ, ആർ.എസ്.കാശിനാഥൻ, അമീൻ അക്ബറലി, കെ.അരുൺ, സിൻജോ ജോൺസൺ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ.സൗദ് റിസാൽ, ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി.ആകാശ് , ആർ ഡി.ശ്രീഹരി, ഡോൺസ് ദായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി.നസീർ, വി.അഭി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

“സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറി. രണ്ടാം വർഷ വിദ്യാർത്ഥിയായ കൃഷൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിആർപിസി സെക്ഷൻ 174 പ്രകാരം ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പുതിയ വകുപ്പുകൾ ചേർക്കാൻ എസ്ഐ പ്രശോഭ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണം കേരള പോലീസിൽ നിന്ന് സിബിഐ ഏറ്റെടുക്കുകയും ഐപിസി 120, 306, 323, 342, 506, 355, കേരള റാഗിംഗ് നിരോധന നിയമത്തിലെ സെക്ഷൻ 4, സെക്ഷൻ 4, 3 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു.” – സിബിഐ എഫ്ഐആറില്‍ പറയുന്നു.

ക്രൂര പീഡനത്തിന്റെ വിശദാംശങ്ങള്‍ ഉള്ള റിപ്പോര്‍ട്ടാണ് സിബിഐക്ക് കേരള പോലീസ് കൈമാറിയത്. തുടര്‍ച്ചയായി ഏല്‍ക്കേണ്ടി വന്ന ക്രൂര-മാനസിക പീഡനങ്ങള്‍ കാരണം ആകെ തകര്‍ന്ന നിലയിലായിരുന്നു സിദ്ധാര്‍ത്ഥന്‍ എന്നും റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 16 ന് രാവിലെ 9 മുതൽ ഫെബ്രുവരി 17 വരെ തുടർച്ചയായി കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും വിദ്യാര്‍ത്ഥികള്‍ സിദ്ധാർത്ഥനെ ആക്രമിച്ചു, ക്രൂരമായ റാഗിങ്ങിന് വിധേയനാക്കുകയും ചെയ്തു. ഇത് വിദ്യാര്‍ത്ഥിയെ കടുത്ത മാനസിക പിരിമുറുക്കത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചു. ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12.30 നും 13.45 നും ഇടയിൽ മെൻസ് ഹോസ്റ്റലിലെ ബാത്ത്റൂമിൽ തൂങ്ങി മരിക്കുകയാണ് ചെയ്തത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണം, കോളജിലെ ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ട്, കോളജ് ഡീനിന്റെ മൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയില്‍ നിന്നാണ് ക്രൂര റാഗിങ്ങിന് ഇരയായാണ് സിദ്ധാര്‍ത്ഥന്റെ മരണം എന്ന് വ്യക്തമായി.- റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണം, കോളജിലെ ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ട്, കോളജ് ഡീനിന്റെ മൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയില്‍ നിന്നും ക്രൂര റാഗിങ്ങിന് ഇരയായാണ് സിദ്ധാര്‍ത്ഥന്റെ മരണം എന്ന് വ്യക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top