കർണാടക മോഡലിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പൂജാവിവാദങ്ങൾ; പൂമൂടൽ, ശത്രുസംഹാര പൂജകൾ സിപിഎമ്മിന് വിനയായത് കടുത്ത വിഭാഗീയതയുടെ കാലത്ത്
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശത്രുസംഹാര പൂജകള്‍ നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം കേരളത്തിലും വിവാദത്തിനിടയാക്കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം മൃഗബലി ഉള്‍പ്പടെയുള്ള ‘ശത്രുഭൈരവി യാഗം’ നടത്തിയെന്നാണ് ശിവകുമാറിന്റെ ആക്ഷേപം. പ്രബുദ്ധ കേരളം മൃഗബലി പോലുള്ള കാര്യങ്ങള്‍ ചെറുക്കുമെന്നും അസംബന്ധ പ്രസ്താവനകളെ തള്ളിക്കളയണം എന്നുമായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ നിലപാട്.
ഈ പ്രബുദ്ധ കേരളത്തിലും രാഷ്ടീയ നേതാക്കളെ ചുറ്റിപ്പറ്റി പൂജാവിവാദങ്ങള്‍ നിരവധി ഉയര്‍ന്നിട്ടുണ്ട്. നിരീശ്വരവാദം മുഖമുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടാണ് ഇവയിൽ മിക്കതും വന്നിട്ടുള്ളത്.
വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനു വേണ്ടി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ 2006 ജൂലൈ 23ന് ‘പൂമൂടല്‍’ നേര്‍ച്ച നടത്തിയെന്ന വാര്‍ത്ത 2007 ഫെബ്രുവരി ലക്കം ജനശക്തി വാരിക പുറത്തുവിട്ടത് വലിയ വിവാദത്തിന് തിരികൊളുത്തി. ‘പൂമൂടല്‍’ സാധാരണയായി ശുഭ കാര്യങ്ങള്‍ക്കായി നടത്തുന്ന വഴിപാടല്ല. ശത്രുസംഹാരാര്‍ത്ഥം നടത്തുന്നതാണ്. തെച്ചിപ്പൂവ് കൊണ്ട് ഭഗവതിയുടെ വിഗ്രഹം മൂടലാണ് വഴിപാടിന്റെ സ്വഭാവം. ശത്രുവിന് കഠോരമായ ‘നിണ ഭീഷണി’ ഉണ്ടാക്കുകയാണ് ലക്ഷ്യം. കോടിയേരി ബാലകൃഷ്ണന്‍ ജുലൈ 23നും തുടര്‍ന്ന് കുടുംബാംഗങ്ങളും ‘പൂമൂടല്‍’ വഴിപാടിന് പണം ഒടുക്കിയതിന്റെ പൊരുള്‍ എന്താണ് എന്നായിരുന്നു ജനശക്തിയുടെ ചോദ്യം
സംസ്ഥാന സിപിഎമ്മില്‍ വിഎസ് – പിണറായി വിഭാഗീയത കൊടികുത്തിവാഴുന്ന കാലത്താണ് ‘പൂമൂടല്‍’ വിവാദവും പുറത്തുവന്നത്. കാടാമ്പുഴ ക്ഷേത്രത്തില്‍ 23/7/ 2006ല്‍ തലശ്ശേരിക്കാരന്‍ ഒരു ബാലകൃഷ്ണനും, ഓഗസ്റ്റ് 7ന് ബിജോയി, S/o ബാലകൃഷ്ണന്‍, ചെറിയത്ത് താഴം, തിരുവങ്ങാട്, തലശ്ശേരി എന്ന പേരിലുമാണ് പണമടച്ചിരുന്നത്. ഈ രസീതിന്റെ കോപ്പിയും ജനശക്തി പുറത്തുവിട്ടിരുന്നു. ഇത് വ്യാജവിലാസമാണ് എന്നായിരുന്നു വാരികയുടെ ആക്ഷേപം. ഏതായാലും ‘പൂമൂടല്‍’ വിവാദം ഏറെക്കാലം സിപിഎം രാഷ്ടീയത്തില്‍ നിന്നുകത്തി.
മന്ത്രിമാര്‍ വാഴാത്ത മന്ത്രിമന്ദിരമെന്ന് വിശേഷണമുള്ള വീടാണ് കവടിയാറിലെ മന്‍മോഹന്‍ ബംഗ്ലാവ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ കോടിയേരിക്ക് അനുവദിച്ച മന്‍മോഹന്‍ ബംഗ്ലാവിന്റെ ദോഷം മാറ്റാന്‍ വീടിനുള്ളില്‍ പൂജ നടത്തിയെന്നും ദോഷപരിഹാരം എന്നോണം ബംഗ്ലാവിന്റെ തെക്കേവശത്ത് പുതിയ ഗേറ്റും സ്ഥാപിച്ചു എന്നൊക്കെയും അക്കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും താമസം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ കോടിയേരി മന്‍മോഹന്‍ ബംഗ്ലാവ് ഒഴിഞ്ഞ് വഴുതക്കാട്ട് വാടക വീട്ടിലേക്ക് മാറി.
മന്ത്രിയായിരുന്ന കാലത്ത് ഉയര്‍ന്നുകേട്ട പൂജാവിവാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്തും കോടിയേരിക്കെതിരെ ഉയര്‍ന്നിരുന്നു. 2017 ഡിസംബറില്‍ ശത്രുദോഷ പരിഹാരത്തിന് പൂജ നടത്തിയെന്ന് കാട്ടി ബിജെപി മുഖപത്രമായ ജന്മഭൂമി 2018 ജനുവരി ഒന്നിന് ‘കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പുറത്തുവിട്ടു.
കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റെപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. ഈ വാര്‍ത്ത ഏറ്റുപിടിച്ച് ബിജെപിയും വിവാദമുണ്ടാക്കി. പിണറായിയെ താഴെയിറക്കാനാണ് ശത്രുദോഷ പൂജ എന്നായിരുന്നു സംഘപരിവാറുകാരുടെ ആക്ഷേപം. ഈ വിവാദവും കുറച്ചുനാള്‍ പൊതുമണ്ഡലത്തിലും സോഷ്യല്‍ മീഡിയയിലും കറങ്ങിനടന്നു.
സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ദേവസ്വം മന്ത്രിയുമായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുതു നിന്നതിന്റെ പേരില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ ഭക്തിനിര്‍ഭരനായി ഭഗവാനെ തൊഴുതതിന് പാര്‍ട്ടി കടകംപള്ളിയോട് വിശദീകരണം തേടി.
രാഷ്ടീയക്കാരിലെ അവിശ്വാസികളുടെ വിശ്വാസവും, വിശ്വാസികളായ രാഷ്ട്രീയക്കാരുടെ അമിതഭക്തിയുമൊക്കെ വിവാദങ്ങളാണ്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി കന്യാകുമാരിയില്‍ ധ്യാനമിരിക്കുന്നതും രാഷ്ട്രീയ എതിരാളികള്‍ വിവാദമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here