ദന്താരോഗ്യം തലച്ചോറിനെ ബാധിച്ചേക്കാമെന്ന് പഠനം

വ്യക്തിശുചിത്വത്തിൽ ഏറെ പ്രധാനമാണ് വായുടെ ശുചിത്വവും. ദന്താരോഗ്യം കൈമോശം വന്നാൽ തലച്ചോറിന്റെ വ്യാപ്തി കുറയാനും അൽഷിമേഴ്സ് പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാനും ഇടയായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ജപ്പാനിലെ ടൊഹോകു സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ന്യൂറോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

ശരാശരി 67 വയസ്സ് പ്രായമുള്ള 172 പേര്‍ ഗവേഷണത്തില്‍ പങ്കെടുത്തു. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും ഓര്‍മപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇവരുടെ പല്ലിന്റെ ആരോഗ്യവും ഓര്‍മശക്തിയും ഗവേഷകര്‍ പരിശോധിച്ചു. പഠനത്തിന്റെ തുടക്കത്തില്‍ ഹിപ്പോക്യാംപസിന്റെ വലുപ്പം നിര്‍ണയിക്കാനായി സ്‌കാനുകളും നടത്തി. നാലു വര്‍ഷത്തിന് ശേഷം ഈ പരിശോധനകള്‍ ആവര്‍ത്തിച്ചു. ഇതില്‍ നിന്ന് പല്ലുകളുടെ എണ്ണവും മോണരോഗങ്ങളും തലച്ചോറിന്റെ ഇടത് ഹിപ്പോക്യാംപസിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.

മോണരോഗവും പല്ല് നഷ്ടവും ഓര്‍മശക്തിയുടെ കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഹിപ്പോക്യാംപസിന്റെ ചുരുക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. മിതമായ തോതില്‍ മോണരോഗമുള്ളവരുടെ ഇടത് ഹിപ്പോക്യാംപസിന്റെ ചുരുക്കം കടുത്ത മോണരോഗമുള്ളവരുടെ ഹിപ്പോക്യാംപസിന്റെ ചുരുക്കത്തേക്കാള്‍ കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു.

കടുത്ത മോണരോഗമുള്ളവരില്‍ തലച്ചോറിന്റെ വാര്‍ധക്യം സാധാരണയിലും അപേക്ഷിച്ച് 1.3 വര്‍ഷം കൂടുതലായിരുന്നതായും ഗവേഷകര്‍ പറയുന്നു. പല്ലുകള്‍ പോകാതെ സൂക്ഷിച്ചതു കൊണ്ടു മാത്രമായില്ല, അവ നന്നായി പരിപാലിച്ച് മോണരോഗമുണ്ടാകാതെ കാക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടൊഹോകു സര്‍വകലാശാലയിലെ സതോഷി യമാഗുച്ചി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top