പൂരം കലക്കിയോ ഇല്ലയോ, രാഷ്ടീയ വെടിക്കെട്ടുകൾ വീണ്ടും; ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ ഗുണ്ടുകൾ പൊട്ടാനിരിക്കുന്നു

ഒരിടവേളക്കുശേഷം പൂരത്തെച്ചൊല്ലി രാഷ്ട്രീയ പാർട്ടികൾ വെടിക്കെട്ട് വീണ്ടും തുടങ്ങി. ഒരു വെടിക്കെട്ട് അൽപ്പം വൈകിയതാണോ പൂരം കലക്കൽ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സിപിഐ രംഗത്തെത്തി. പൂരം കലങ്ങിയത് തന്നെയെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരണം നൽകിയതോടെ പൂരം കലക്കൽ വീണ്ടും സജീവ രാഷ്ടീയ ചർച്ചയാകുകയാണ്. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കളംപിടിച്ചതോടെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് മുതൽ പൊട്ടിത്തുടങ്ങിയ വെടിക്കെട്ട് ഉപതിരഞ്ഞെടുപ്പിലും കളം പിടിക്കുമെന്ന് ഉറപ്പായി.

തൃശൂർ പൂരം ആസൂത്രിതമായി കലക്കിയെന്ന സിപിഐയുടെ വാദത്തിൻ്റെ മുനയൊടിക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇന്നലത്തെ പ്രസംഗം. പൂരം അലങ്കോലമായതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയുടെ പരാജയത്തിനിടയാക്കിയത് എന്നാണ് സിപിഐ നേതൃത്വത്തിൻ്റെ നിഗമനം.

ആസൂത്രിതമായി പൂരം കലക്കാൻ ശ്രമം നടന്നു, ഇതിന് ഗൂഢാലോചന നടന്നുവെന്നും, ശക്തമായ നടപടി വേണമെന്നുമാണ് സിപിഐയുടെ റവന്യൂമന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത്. ഇതിലാണ് സിപിഐ ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. അതിന് ശേഷമാണ് മൂന്ന് തരത്തിലുള്ള അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. ഈ അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് പൂരം കലക്കിയതല്ലാ എന്ന മുഖ്യമന്ത്രിയുടെ വെളിപാട്.

പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പ്രതികരിച്ചു. “പൂരം കലക്കിയതിനെ തുടര്‍ന്നാണ് തൃശൂർ പോലീസ് കമ്മിഷണറെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. കമ്മിഷണര്‍ അഴിഞ്ഞാടിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. അഞ്ച് മാസമായിട്ടും റിപ്പോര്‍ട്ട് ഉണ്ടായില്ല.

പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ എഡിജിപി അജിത് കുമാറിനെ തന്നെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ആ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ത്രിതല അന്വേഷണം നടക്കുകയാണ്. ഗൂഡാലോചനയെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി വെങ്കിടേഷും അജിത്കുമാറിന്റെ പങ്കിനെ കുറിച്ച് ഡിജിപിയും ഉദ്യോഗസ്ഥവീഴ്ചയെ കുറിച്ച് എഡിജിപി മനോജ് എബ്രഹാമുമാണ് അന്വേഷിക്കുന്നത്.

ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് വൈകിയതല്ലാതെ ഒന്നും സംഭവിച്ചില്ല എന്നുമാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ്. അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്”. അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് എന്നും സതീശൻ കുറ്റപ്പെടുത്തി.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ എഴുതിയ കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിൻ്റെ പ്രകാശന വേളയിലാണ് പൂരത്തിലെ വീഴ്ചകളെക്കുറിച്ച് തൻ്റെ പുതിയ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. “പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താൻ സംഘപരിവാറിനേക്കാൾ ആവേശം”? ഈ പരാമർശമാണ് താൽക്കാലികമായി കെട്ടടങ്ങിയ വിവാദത്തിന് വീണ്ടും തിരിതെളിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top