മാർപാപ്പ ചിൽഡ് ബീയർ ചോദിച്ചു; ഒപ്പം റെഡ് വൈനും പൊള്ളിച്ച മീനും; പോപ്പ് കള്ളുകുടിക്കാൻ കേരളത്തിൽ വന്നെന്ന് നിങ്ങൾ പറയുമോ? ടൂറിസം ചർച്ചയിൽ തുറന്നടിച്ച് ‘കാസിനോ’ ഹോട്ടല്‍ ഉടമ ജോസ് ഡൊമനിക്

കൊച്ചി: കേരളം ഭരിച്ച സർക്കാരുകളുടെ വികലമായ മദ്യനയമാണ് ടൂറിസം വ്യവസായത്തെ പിന്നോട്ടടിച്ചതെന്ന് പ്രമുഖ ടൂറിസം വ്യവസായിയും കൊച്ചിയിലെ സി.ജി.എച്ച്. എര്‍ത്ത് (പഴയ കാസിനോ ) ഹോട്ടൽ ഉടമയുമായ ജോസ് ഡൊമിനിക്. മദ്യനയത്തെച്ചൊല്ലി 2014ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ കെപിസിസി പ്രസിഡൻ്റ് വി.എം.സുധീരനും തമ്മിലുണ്ടായ തര്‍ക്കമാണ് ഹോട്ടൽ വ്യവസായത്തിന് ഏറ്റവും തിരിച്ചടിയായത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ അഭിമുഖ പരമ്പരയായ ഡയലോഗ്സിലാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ചില കാര്യങ്ങൾ തുറന്നുപറയുന്നത്.

കേരളത്തിന് മദ്യത്തെ ആശ്രയിക്കേണ്ട കാര്യമില്ല, ഈ നാടിൻ്റെ കാഴ്ച ഭംഗിയാണ് പ്രധാനം എന്നാണ് വി.എം.സുധീരൻ അക്കാലത്ത് പറഞ്ഞത്. ഇതിനെ തുടർന്ന്, മദ്യപിക്കാനായി ഒരു വിദേശിയും കേരളത്തിലേക്ക് വരേണ്ടതില്ല എന്ന തരത്തിലായിരുന്നു മദ്യവിരുദ്ധരുടെ പ്രതികരണങ്ങൾ പുറത്തുവന്നത്. എന്നാൽ മദ്യമില്ലാതെ ടൂറിസം വളർച്ച എളുപ്പമാകില്ല എന്ന അക്കാലത്തെ ചർച്ചകളെ പരാമർശിച്ച ജോസ് ഡൊമിനികിൻ്റെ ഒരു വിശദീകരണം ആണ് ശ്രദ്ധേയമാകുന്നത്.

ജോസ് ഡൊമിനിക് പറയുന്നു; “യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അനിശ്ചിതകാലം ബാറുകള്‍ പൂട്ടിയിട്ടത് കാരണം ടൂറിസം രംഗത്ത് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് രാജസ്ഥാനായിരുന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ മദ്യനയത്തിൽ വ്യക്തത കൊണ്ടുവന്നപോൾ നഷ്ടപ്പെട്ട വ്യവസായ സാധ്യതകള്‍ ഒരുപരിധിവരെ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. അതിനും മുൻപ് യുഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തിനെതിരെ ടൂറിസം വ്യവസായികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ടൂറിസം -തൊഴിൽ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ യോഗം വിളിച്ചുകൂട്ടി. ഹോട്ടൽ വ്യവസായികളും, തൊഴിലാളി നേതാക്കളും അതിൽ പങ്കെടുത്തു.”

“ആ യോഗത്തിലാണ് 1986ലെ ജോൺ പോൾ രണ്ടാമൻ മാർപ്പയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യം ഞാൻ വിവരിച്ചത്. ആദ്യ ദിവസം മാർപാപ്പക്ക് ഉച്ചഭക്ഷണം ഒരുക്കിയത് കസിനോ ഹോട്ടൽ ആയിരുന്നു. അന്ന് പരിപാടികൾക്ക് ശേഷം മാർപാപ്പ മുറിയിൽ വിശ്രമിക്കുമ്പോൾ എന്താണ് കുടിക്കാൻ വേണ്ടതെന്ന് ചോദിച്ചു. “ഒരു ഗ്ലാസ് തണുത്ത ബിയർ കിട്ടിയാൽ മതി” എന്ന് മറുപടി.”

“അതേ ദിവസം മാർപാപ്പയ്ക്ക് അത്താഴത്തിന് മീൻ പൊള്ളിച്ചത് ഒരുക്കിയിട്ടുണ്ടെന്ന് ഞങ്ങൾ അറിയിച്ചു. ഈ വിഭവത്തിനൊപ്പം എന്ത് വൈൻ ചേരുമെന്ന് മാർപാപ്പ ചോദിച്ചു. സാധാരണയായി മീനിനൊപ്പം വൈറ്റ് വൈൻ ആണ് ഉപയോഗിക്കുക. എന്നാൽ കേരളത്തിലെ ഭക്ഷണം മസാല കൂട്ടുകളാൽ തയ്യാറാക്കുന്നത് കൊണ്ട് റെഡ് വൈൻ ആകാമെന്ന് അഭിപ്രായമുണ്ടായി. അത് നൽകി. ഈ രണ്ട് അവസരങ്ങളിലും ഞങ്ങൾ മുൻകൂട്ടി തയ്യാറെടുത്തിരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല.” ജോസ് ഡൊമിനിക് വിശദീകരിച്ചു.

“ഇതിന് ശേഷം യോഗത്തിൽ പങ്കെടുത്ത രണ്ട് വകുപ്പ് സെക്രട്ടറിമാരോടുമായി ഞാൻ ചോദിച്ചു. പോപ്പ് കേരളത്തിൽ വന്നത് മദ്യപിക്കാൻ ആണെന്ന് നിങ്ങൾ പറയുമോ? ചോദ്യം കേട്ട് സ്തബ്ധരായ സെക്രട്ടറിമാര്‍, മാധ്യമപ്രവർത്തകരോട് അത് റിപ്പോർട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ടു എന്നും ജോസ് ഡൊമിനിക് പറയുന്നു.

കേരളത്തിലെ മദ്യനയം ടൂറിസം വ്യവസായത്തിന് ഇപ്പോഴും ഏറ്റവും വലിയ തടസ്സമായി തുടരുന്നു. എല്ലാ മാസത്തിൻ്റെയും ആദ്യ ദിവസം കേരളത്തിൽ ഡ്രൈ ഡേയാണ്. ഇതുമൂലം വൻ നഷ്ടമാണ് ടൂറിസം വ്യവസായത്തിന് ഉണ്ടാകുന്നത്. ഇത്തരം അനാവശ്യ നിയമങ്ങൾ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top