ഗുഡ് ബൈ പാപ്പാ, മാർപ്പാപ്പയുടെ ഭൗതിക ശരീരമടങ്ങിയ പേടകം പൂട്ടി മുദ്രവച്ചു; അന്ത്യയാത്ര ഏതാനും മണിക്കൂറിനുള്ളിൽ

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്. ഇന്ന് (ശനി) ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ ശവസംസ്കാര ചടങ്ങുകൾ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും.

കത്തോലിക്ക വിശ്വാസാചാരപ്രകാരം അന്തരിച്ച പോപ്പിൻ്റെ ഭൗതിക ശരീരമടങ്ങിയ പേടകം വത്തിക്കാനിലെ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിൽ പൂട്ടി മുദ്രവെക്കുന്നത് പാപ്പയുടെ മഹനീയമായ ജീവിതം സേവനത്തിനും മനുഷ്യ മോചനത്തിനുമായി സമർപ്പിച്ചതിൻ്റെ ആദരസൂചകമായിട്ടാണ്. മാർപ്പാപ്പയുടെ ഏറ്റവും വിശ്വസ്തരായ കൂരിയ അംഗങ്ങളാണ് ഏറ്റവും സ്വകാര്യമായ ഈ ചടങ്ങ് നടത്തുന്നത്. കർദിനാൾ കെവിൻ ഫാരെലാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ലോക മതനേതാവും രാഷ്ട്രത്തലവനുമായ വ്യക്തിയുടെ അന്ത്യയാത്രാ ചടങ്ങുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കും. സൈപ്രസിലെ പ്രത്യേക തരം തടിയിൽ നിർമ്മിച്ച പേടകത്തിൽ പോപ്പിൻ്റെ ലഘു ജീവചരിത്രമടങ്ങിയ രേഖകൾ പ്രത്യേകം തയ്യാറാക്കിയ ട്യൂബിൽ മുദ്രവെച്ച് നിക്ഷേപിക്കും. ഇതിനും പുറമെ അദ്ദേഹത്തിന് ലഭിച്ച മെഡലുകൾ, മറ്റ് തിരുശേഷിപ്പുകൾ ഒക്കെ പെട്ടിക്കുള്ളിൽ വയ്ക്കുന്നുണ്ട്. പ്രത്യേക പ്രാർത്ഥനകൾക്കു ശേഷമാണ് പെട്ടി പൂട്ടി മുദ്രവെക്കുന്നത്.

Also Read: പോപ്പ് വേറെ പണിനോക്കാൻ ഇന്ത്യയിലെ കത്തോലിക്കാ സഭ!! സ്ത്രീകളുടെ കാൽകഴുകൽ, സ്വവർഗവിവാഹം, മതമൈത്രി… ഒന്നിലും മാർപ്പാപ്പയെ ഉൾക്കൊണ്ടില്ല

ആഗോള കത്തോലിക്കാ സഭയുടെ 266-മത് മാർപ്പാപ്പയായി 12 വർഷം മുമ്പ് ചുമതലയേറ്റ ജോർജ് മാരിയോ ബർഗോളെ എന്ന ഫ്രാൻസിസ് മാർപ്പാപ്പ ഈ പുതിയ നൂറ്റാണ്ടിനെ വല്ലാതെ സ്വാധീനിച്ച വ്യക്തിയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഇത്രമേൽ ചേർത്തുനിർത്തുകയും അവരെ ദൈവപുത്രന്മാരെന്ന് വിളിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.

Also Read: പോപ്പിന്റെ ഇന്ത്യാ സന്ദർശനം നീണ്ടുപോയത് രാഷ്ട്രീയ കാരണത്താല്‍; ജോണ്‍ പോള്‍ രണ്ടാമന്റെ വരവിനെതിരെ വിഎച്ച്പി കോലം കത്തിച്ചത് ചരിത്രം

2013ലാണ് അർജൻ്റീനക്കാരനായ ഇദ്ദേഹം കത്തോലിക്ക സഭാതലവനായി ചുമതലയേറ്റത്. സഭയുടെ നിലവിലുള്ള പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും മാറ്റങ്ങൾ നടപ്പാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത പാപ്പയാണ്. പാരമ്പര്യങ്ങളുടെ തടവറയിൽ നിന്നുള്ള മാറിനടക്കലിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമാവുകയും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.

Also Read: കടുത്ത സാമ്പത്തിക ദാരിദ്ര്യത്തില്‍ വത്തിക്കാന്‍; പെന്‍ഷനുകള്‍ മുടങ്ങി; പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടുകളോടുള്ള വിയോജിപ്പുമൂലം സംഭാവനകള്‍ കുറഞ്ഞു

അന്ത്യയാത്രാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒട്ടുമിക്ക ലോകനേതാക്കളും മതനേതാക്കളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമ്മു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ് തുടങ്ങി നിരവധി ലോക നേതാക്കളുടെ സാന്നിധ്യത്തിലാണ് അവസാന ശുശ്രൂഷകൾ നടക്കുന്നത്. വത്തിക്കാനിലെ പള്ളിമണികൾ കൂട്ടമണി അടിച്ചുകൊണ്ടാണ് മഹാ ഇടയൻ്റെ സ്വർഗാരോഹണം നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top