പോപ്പിന് പുതിയ മേഴ്സിഡസ് ബെൻസ്; പുതുവത്സര സമ്മാനമായി ജി-ക്ലാസ് ഇലക്‌ട്രിക് പോപ്പ് മൊബീൽ
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് മേഴ്സിഡസ് ബെൻസ് കമ്പനിയുടെ ഉപഹാരം. തടിച്ചുകൂടുന്ന ആരാധകരേയും ഭക്തരേയും ആശീർവദിച്ചു കടന്നുപോകാൻ ഉപയോഗിക്കുന്ന പോപ്പ് മൊബീൽ (Pope Mobile) ആക്കാനായി ആയാണ് പുതിയ ജി-ക്ലാസ് ഇലക്‌ട്രിക് കാർ നൽകിയത്. വത്തിക്കാനിലും വിദേശത്തും ജനങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ തൂവെള്ള നിറത്തിലുള്ള തുറന്ന വാഹനമാണ് ഉപയോഗിക്കുന്നത്. ബെൻസ് കമ്പനി ചെയർമാനും സിഇഒയുമായ
സ്റ്റെൻ ഒല കല്ലേനിയസ് (Sten Ola Kallenius) ഇക്കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് പോപ്പിന് കാർ സമ്മാനിച്ചത്.
ബെൻസിൻ്റെ ജി-ക്ലാസ് മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവിയുടെ കസ്റ്റമൈസ്ഡ് പതിപ്പായ ഈ വാഹനത്തിൽ പോപ്പിനായി ഉയർന്ന ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തിന് മാർപ്പാപ്പയെ നന്നായി കാണാൻ കഴിയുന്ന വിധത്തിലാണ് സീറ്റ്. വളരെ സൂക്ഷ്മമായ പരിശോധനകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് വാഹനം പോപ്പിന് സമ്മാനിക്കുന്നതെന്ന് സിഇഒ സ്റ്റെൻ ഓല കല്ലേനിയസ് പറഞ്ഞു. എന്നാൽ കാറിൻ്റെ സുരക്ഷാ സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടാൻ ബെൻസ് അധികൃതർ വിസമ്മതിച്ചു. വിലയും വെളിപ്പെടുത്തിയിട്ടില്ല.
ഫ്രാൻസിസ് മാർപ്പാപ്പ 2013ൽ അധികാരമേറ്റ ശേഷം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോട് കടുത്ത വിമുഖത പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുമായി അടുത്ത് ഇടപഴകാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ആകെ കെട്ടിയടച്ച ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കാറാണ് പതിവ്. പകരം കവചമില്ലാത്ത തുറന്ന കാറാണ് ഉപയോഗിക്കുന്നത്.
ഏതാണ്ട് 95 വർഷമായി മാറിമാറി വരുന്ന മാർപ്പാപ്പമാർ മേഴ്സിഡസ് ബെൻസിൻ്റെ കാറാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. 1930ൽ അന്നത്തെ മാർപ്പാപ്പ പീയൂസ് പതിനൊന്നാമന് (Pius XI) മേഴ്സിഡസ് ബെൻസ് കമ്പനി ന്യൂർ ബർഗ് 460 പുൾമാൻ കാർ സമ്മാനമായി നൽകി. അന്നു മുതൽ മാർപ്പാപ്പമാരെല്ലാം തന്നെ ബെൻസ് കാറിൻ്റെ പോപ്പ് മൊബിലിലാണ് സഞ്ചരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here