സ്വവര്‍ഗദമ്പതികളുടെ ആശീര്‍വാദത്തില്‍ വിശദീകരണവുമായി മാര്‍പാപ്പ; എതിര്‍ക്കുന്നവര്‍ പിന്നീട് മനസിലാക്കും

വത്തിക്കാന്‍: സ്വവര്‍ഗദമ്പതികളെ ആശീര്‍വദിക്കാനുള്ള നിലപാടില്‍ വിശദീകരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആഫ്രിക്കയിലെ ബിഷപ്പുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. സ്വവർഗദമ്പതികൾക്ക് ആശീർവാദം അനുവദിക്കാനുള്ള തന്‍റെ തീരുമാനത്തെ ഇന്ന് വിമർശിക്കുന്നവർ പിന്നീട് അത് മനസ്സിലാക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നും എതിര്‍പ്പുകള്‍ മനസിലാക്കുന്നെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

സ്വവർഗ വിവാഹത്തെ ആശീർവദിക്കാന്‍ മാർപ്പാപ്പ നേരത്തെ അനുമതി നൽകിയിരുന്നു. തന്‍റെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഭാവിയില്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയാണെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ സ്റ്റാമ്പയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആഫ്രിക്ക എതിര്‍ത്തെങ്കിലും ഫ്രാൻസ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ ബിഷപ്പുമാർ സ്വര്‍ഗ വിവാഹത്തെ ആശീര്‍വദിക്കാനുള്ള തീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു.

ആഫ്രിക്കയിലെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ ദ സിംപോസിയം ഓഫ് എപിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്‍റ് മഡഗാസ്കര്‍ ആണ് സ്വവർഗ വിവാഹത്തെ ആശീർവദിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചത്. സ്വവര്‍ഗാനുരാഗം ആഫ്രിക്കൻ സമൂഹങ്ങളുടെ സാംസ്കാരിക ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. അവര്‍ക്ക് ആശീര്‍വാദം നല്‍കുന്നത് ഉചിതമല്ല. ഇത് സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് ആഫ്രിക്കയിലെ ബിഷപ്പുമരുടെ നിലപാട്.

ലോകത്തിലെ ഏറ്റവും കഠിനമായ സ്വവർഗാനുരാഗ വിരുദ്ധ നിയമങ്ങൾ പാസാക്കിയ ആഫ്രിക്കയിലെ ഭൂപ്രദേശങ്ങളിൽ സ്വവർഗരതി നിയമവിരുദ്ധമാണ്. ഉഗാണ്ട പോലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ സ്വവർഗ ലൈംഗിക ബന്ധത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിക്കുന്നത്.

ക്രൈസ്തവ സഭയുടെ കാഴ്ചപ്പാടില്‍ വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്. എന്നാല്‍ അതിനു പുറത്തുനില്‍ക്കുന്നവര്‍ ആശീര്‍വാദം തേടിയെത്തിയാല്‍ പുറത്തുനിര്‍ത്തേണ്ടതില്ല എന്നാണ് മാര്‍പാപ്പയുടെ ആഹ്വാനം. സഭയോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാര്‍മിക വിചാരണയിലൂടെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് പോപ്പിന്‍റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top