മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് ഉടനില്ല; സെപ്റ്റംബര്‍ ഷെഡ്യൂളിലെ ഏഷ്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയില്ല
ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പ്പാപ്പ ഉടനെയൊന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത ഇല്ലെന്ന് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് (യുസിഎ ന്യൂസ്) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്‌സില്‍ (ട്വിറ്ററില്‍) കുറിപ്പിടുകയും ചെയ്തിരുന്നു. മാര്‍പ്പാപ്പയെ മോദി ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2021ലും സമാനമായ രീതിയില്‍ മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, ഏഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തിയെങ്കിലും ഇന്ത്യയിലേക്ക് വന്നില്ല.
ഈ വര്‍ഷം സെപ്റ്റംബറില്‍ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങള്‍ മാര്‍പ്പാപ്പ സന്ദര്‍ശിക്കുന്ന വിവരം വത്തിക്കാന്‍ പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം യാത്രാ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പ തയ്യാറെടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഒഴിവാക്കി ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. അന്നും ഇന്ത്യ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
2021 ഒക്ടോബറില്‍ മാര്‍പ്പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷവും പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനം ഉണ്ടായില്ല. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു എന്നു പറയുന്നതില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സി പറയുന്നത്. രാഷ്ട്രത്തലവൻ എന്ന നിലയ്ക്കുള്ള ഔപചാരികമായ നടപടിക്രമങ്ങൾ ഇന്ത്യ പൂർത്തിയാക്കുന്നില്ല എന്നാണ് സൂചനകൾ. ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്ന വാദവും ശക്തമാണ്.
വരുന്ന സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ ഇന്തോനേഷ്യ, പപ്പുവ ഗിനിയ, തിമോര്‍, സിംഗപൂര്‍ എന്നീ രാജ്യങ്ങളാണ് പോപ്പ് സന്ദര്‍ശിക്കുന്നത്. നേരത്തെ ശ്രീലങ്ക, മ്യാന്‍മര്‍, യുഎഇ, ബഹറിന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജോണ്‍പോള്‍ രണ്ടാമനാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ. 1999ലായിരുന്നു ഈ സന്ദര്‍ശനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here