ട്രാൻസ് വിഭാഗക്കാർക്കും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകാം; വിപ്ലവകരമായ നിലപാടുമായി ഫ്രാന്‍സിസ് മാർപ്പാപ്പ

വത്തിക്കാന്‍: ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ സഭാ സമൂഹത്തിനൊപ്പം ചേർത്ത് നിർത്തുന്ന വിപ്ലവകരമായ നിലപാടുമായി ഫ്രാന്‍സിസ് മാർപ്പാപ്പ. മാമ്മോദീസ ചടങ്ങുകളില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹത്തിന് സാക്ഷികളാകുന്നതിനും ട്രാന്‍സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ബ്രസീലിലെ ബിഷപ്പ് ജോസ് നെഗ്രി എഴുതിയ കത്തിനാണ് മാർപ്പാപ്പയുടെ മറുപടി.
ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ, ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമ്മോദീസ നല്‍കുന്നതിന് തടസമില്ലെന്ന് മാർപ്പാപ്പ വ്യക്തമാക്കി ഇത്തരത്തിലുള്ള മാമ്മോദീസ നല്‍കുന്നതിന് നേരത്തെ അനുമതി ഉണ്ടായിരുന്നില്ല. വാടക ഗർഭധാരണത്തിലൂടെ ജനിച്ചതോ ദത്തെടുത്തതോ ആയ സ്വവർഗ ദമ്പതികളുടെ കുട്ടികൾക്ക് മാമോദിസ നൽകുന്നതിനും തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വവർഗ വിഭാഗം ഇപ്പോഴും പാപമാണെന്നും അത്തരം പാപങ്ങളിൽ പശ്ചാത്താപത്തോടെയാണ് മാമോദീസ സ്വീകരിക്കേണ്ടതെന്നും മാർപ്പാപ്പ വ്യക്തമാക്കി.
കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് മാർപ്പാപ്പയുടെ നിർദേശത്തെ ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്. വത്തിക്കാനിൽ അടുത്തിടെ നടന്ന സിനഡിൽ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങളും ചർച്ചാവിഷയമായിരുന്നു. അതിന് പിന്നാലെയാണ് ബ്രസീലിയൻ ബിഷപ്പിൻ്റെ കത്തിന് മാർപ്പാപ്പയുടെ മറുപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here