ഗ്യാസ്ട്രബിളിനും നെഞ്ചെരിച്ചിലിനും കഴിക്കുന്ന ജനപ്രിയ മരുന്നുകൾ അപകടകാരിയോ !! നിരവധി രാജ്യങ്ങള്‍ നിരോധിച്ച മരുന്നിന് ഇന്ത്യയിൽ വിലക്കില്ല

ഉദരസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നായ റാനിറ്റിഡിൻ (Ranitidine) ഇന്ത്യയിൽ നിരോധിക്കില്ല. മരുന്നിൻ്റെ നിർമ്മാണമോ വിൽപ്പനയോ നിരോധിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. റാനിറ്റിഡിനിൽ ആരോഗ്യത്തിന് ഹാനികരമായ, അർബുദകാരിയായേക്കാവുന്ന എൻഡിഎംഎയുടെ (N-nitrosodimethylamine ) സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക ഉയരുന്നതിന് ഇടയിലാണ് തീരുമാനം.
ആശങ്കകൾ പരിഹരിക്കാൻ വേണ്ട നടപടികൾ ഡ്രഗ് റെഗുലേറ്ററി ബോഡിയായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) സ്വീകരിച്ചതായി കേന്ദ്രം അടുത്തിടെ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. അവശ്യമരുന്നുകളുടെ പട്ടികയിൽനിന്നു റാനിറ്റിഡിൻ ഗുളികയെ ഇന്ത്യ നേരത്തെ ഒഴിവാക്കിയിരുന്നു. വില തുച്ഛവും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കും എന്നതാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. റാൻടാക്, സാൻടാക് എന്നി ബ്രാൻഡ് പേരുകളിലാണ് റാനിറ്റഡിൻ ഇന്ത്യയിൽ വിപണിയിൽ ലഭ്യമാകുന്നത്.
നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ആമാശയ അൾസർ തുടങ്ങി അസിഡിക് ചികിത്സയ്ക്കു സാധാരണമായി നൽകുന്ന ഈ ഗുളികയുടെ വിൽപന പല രാജ്യങ്ങളിലും വർഷങ്ങളായി നിരോധിച്ചിട്ടുണ്ട്. 2019ൽ നടത്തിയ പരീക്ഷണങ്ങളിൽ റാനിറ്റിഡിൻ കഴിക്കുന്നവരിൽ എൻഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പ്രധാന മരുന്നു നിയന്ത്രണ അതോറിറ്റികളായ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഇതിന്റെ വിൽപന റദ്ദാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here