ബിടിഎസ് ഗായകരെ കാണാൻ വീടുവിട്ടിറങ്ങി പെൺകുട്ടികൾ, കരൂരിൽ നിന്ന് പുറപ്പെട്ടവരെ വെല്ലൂരിൽ കണ്ടെത്തി

ചെന്നൈ: കൊറിയയിലെ ബിടിഎസ് ഗായകസംഘം ഇന്ത്യയിലെ കൗമാരക്കാർക്ക് ഹരമായിട്ട് അധിക കാലമായിട്ടില്ല. ഇവരെ നേരിൽ കാണാനായി വീടുവിട്ടിറങ്ങിയ കുട്ടികളുടെ കേസ് മുൻപ് പാക്കിസ്ഥാനിൽ നിന്നും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സമാനസംഭവം തമിഴ്നാട്ടിലും. കരൂരിൽ നിന്നാണ് 13 വയസ് വീതമുള്ള മൂന്ന് പെൺകുട്ടികൾ പുറപ്പെട്ടത്. പരിപാടി എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് മൂന്നാംദിനം വീട്ടിലേക്ക് മടങ്ങുന്ന വഴി കട്പാടി റെയില്‍വേ സ്റ്റേഷനില്‍ റെയിൽവേ പോലീസാണ് ഇവരെ കണ്ടെത്തിയത്. യാത്രച്ചിലവിനായി 14,000 രൂപയും വീട്ടിൽ നിന്നെടുത്ത് കൊണ്ടാണ് ഇവർ പുറപ്പെട്ടത്.

ജനുവരി നാലിനാണ് പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഒരു മാസക്കാലത്തെ പദ്ധതി പ്രകാരമായിരുന്നു ഇത്. ഈറോഡില്‍ നിന്ന് ചെന്നൈ, അവിടെ നിന്ന് വിശാഖപട്ടണം, ശേഷം കപ്പല്‍ വഴി കൊറിയയിലേക്ക് എന്നതായിരുന്നു തീരുമാനം. ഈറോഡില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറിയ കുട്ടികള്‍ അവിടെ താമസിക്കാൻ ഹോട്ടല്‍ മുറികള്‍ കണ്ടെത്താൻ പ്രയാസപ്പെട്ടു. ഒടുവില്‍ 1,200 രൂപയ്ക്ക് മുറി എടുത്തു.

രണ്ടു ദിവസമായതോടെ കുട്ടികൾ അവശരായി, ബിടിഎസ് സംഘത്തെ കാണാനുള്ള ആവേശം കുറഞ്ഞു. അതോടെ വീട്ടിലേക്ക്‌ മടങ്ങാന്‍ തീരുമാനിച്ചു. ചെന്നൈയില്‍ നിന്ന് തിരികെ വണ്ടി കയറി. ഭക്ഷണം വാങ്ങാന്‍ കട്പാടി സ്റ്റേഷനില്‍ ഇറങ്ങി. എന്നാല്‍ തിരികെ കയറുംമുന്‍പ് ട്രെയിന്‍ വിട്ടുപോയി. കുട്ടികളെ കണ്ട് സംശയം തോന്നിയ റെയില്‍വേ പോലിസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് തിരിച്ചറിഞ്ഞത്. വെല്ലൂരിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയ ഇവരെ കൗൺസിലിങ് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം തിരികെ അയക്കും.

Logo
X
Top