‘പൊതുജനത്തിന്റെ കഴുത്തില്‍ കയറിടുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല’; എഡിഎമ്മിന്റെ ആത്മഹത്യയെ ‘കുത്തിയ’ പോരാളി ഷാജിക്ക് പൊങ്കാല

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പരസ്യ അവഹേളനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎമ്മിനെ ‘കുത്തി’ ഫെയ്സ്ബുക്ക്‌ പോസ്റ്റിട്ട പോരാളി ഷാജിക്ക് പൊങ്കാല. എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചതിന് പിന്നാലെയാണ് ദിവ്യയെ പിന്തുണച്ച് സിപിമ്മിന്റെ സൈബര്‍ പോരാളി രംഗത്ത് വന്നത്. ‘പൊതുജനത്തിന്റെ കഴുത്തില്‍ കയറിട്ട് മുറുക്കുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല’ എന്ന പോസ്റ്റിന് കീഴെയാണ് പൊങ്കാല. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലായിരിക്കെയാണ് പോരാളി ഷാജി എത്തിയത്. പോസ്റ്റിനോടുള്ള പ്രതിഷേധമാണ് കമന്റുകളില്‍ നിറയുന്നത്.

‘അതേ വിജയനും മകളും പാർട്ടിയും നീതി പാലിക്കുക’, ‘ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണോ ഈ നിയമങ്ങൾ നിലനിൽക്കുക’, പൊതുജനത്തെ എല്ലാംകൊണ്ടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന നിൻറെ ഗവൺമെന്റിനെ ആദ്യം പുറത്താക്കുക , പിരിച്ചു വിടുക ഈ ഗുരുത്തം ഇല്ലാത്ത പാർട്ടിയെ, മാസപടിയും,ലാവ്‌ലിനും എക്സാലോജിക്കും ഇതിൽ ഉൾപെടുമോ.. കോരാളി’ എന്നൊക്കെയുള്ള കമന്റുകളാണ് വന്നിട്ടുള്ളത്. ‘അഴിമതി അഴിമതി തന്നെ’, ‘എന്‍ഒസി കിട്ടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍റെ ആത്മഹത്യയിലും ഇടതുപക്ഷം കുറ്റക്കാരൻ’ എന്ന് തുടങ്ങി ദിവ്യയെ അനുകൂലിക്കുന്ന കമന്റുകളുമായി ഇടതുപോരാളികളും രംഗത്തുണ്ട്.

ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ അപമാനിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എഡിഎം എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വന്‍ പ്രതിഷേധമാണ് എഡിഎമ്മിന്റെ ആത്മഹത്യയില്‍ കണ്ണൂരില്‍ ഉയരുന്നത്. പ്രതിപക്ഷ സംഘടനകള്‍ ഒന്നായി പ്രക്ഷോഭരംഗത്തുണ്ട്. ദിവ്യയുടെ കോലവും കണ്ണൂരില്‍ കത്തിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top