പോരാളി ഷാജിയല്ല, പോരാളി വഹാബ്!! സിപിഎമ്മിന് പിന്നാലെ സർക്കാരും ‘ഷാജി’യെ കൈവിട്ടതിന് പിന്നിൽ…. സൈബർ കടന്നൽക്കൂട്ടിൽ തീയിടുന്നതാര്
സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനെ പിന്തുണച്ചും പ്രതികരിച്ചും സജീവമായി രംഗത്തുള്ളത് നിരവധി പേജുകളാണ്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, റെഡ് ബറ്റാലിയന്‍, ചെമ്പട ഇങ്ങനെ പോകുന്നു ഈ സൈബര്‍ കടന്നലുകള്‍ എന്ന് വിശേഷണമുള്ള സംഘങ്ങള്‍. സിപിഎമ്മിനെതിരായ ആക്രമണങ്ങളെ പ്രതിരോധിച്ചും എതിരാളികളെ കൂട്ടമായി ആക്രമിച്ചും ഈ പേജുകള്‍ സജീവമാണ്. പലപ്പോഴും ഈ ആക്രമണങ്ങള്‍ സഭ്യതയുടെ പരിധി വിടുന്നതുമാണ്. ഇതിനെ സിപിഎം നേതൃത്വം കാര്യമായി നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാറില്ല. എന്തും ചെയ്യാനുളള സിപിഎം നേതൃത്വത്തിന്റെ ഈ മൗനാനുവാദം തന്നെയാണ് വ്യാജ കാഫിര്‍ പോസ്റ്റ് പോലുളള അപകടകരമായ വര്‍ഗീയപ്രചരണങ്ങളില്‍ വരെ കാര്യങ്ങള്‍ എത്തിച്ചത്.
സിപിഎം സൈബര്‍ പോരാളികളില്‍ ഏറ്റവും ചര്‍ച്ചയായിട്ടുള്ളത് പോരാളി ഷാജിയാണ്. സിപിഎമ്മിനെ വിമര്‍ശനങ്ങളില്‍ നിന്നും പ്രതിരോധിക്കുന്നതിനൊപ്പം എതിര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയടക്കം ആക്രമിക്കുന്നതിലും പോരാളി ഷാജി മുന്നിലാണ്. ഈ പേജിന്റെ പിന്നിലാര് എന്നത് പലതവണ ഉയര്‍ന്ന ചോദ്യമാണ്. ഇന്നലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച കേസില്‍ പോലീസ് ഹൈക്കോടതിയിൽ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതിന് ഉത്തരമായിരിക്കുകയാണ്. വഹാബ് എന്നയാളാണ് പോരാളി ഷാജി പേജിന്റെ അഡ്മിന്‍ എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ഫോണുകൾ ഈ പേജിനായി ഉപയോഗിക്കുന്നുണ്ട്. രണ്ടിൻ്റെയും ഉടമ വഹാബ് ആണ്. ഈ ഫോണുകൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. വിവാദ സ്‌ക്രീന്‍ ഷോട്ട് പോരാളി ഷാജിയും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ എവിടെ നിന്ന് ലഭിച്ചു എന്നതില്‍ വ്യക്തത വരുത്താതിന്റെ പേരിലാണ് പോലീസ് നടപടി. പോരാളി ഷാജിയുടെ മാത്രമല്ല റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പില്‍ ഈ പോസ്റ്റ് പങ്കുവച്ച റിബേഷ് രാമകൃഷ്ണന്റെ ഫോണും പിടിച്ചെടുത്ത് പരിശോധിച്ചിട്ടുണ്ട്.
അടുത്തയിടെ പോരാളിയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം സിപിഎം നേതൃത്വത്തെ കൂടി അങ്കലാപ്പിലാക്കിയിരുന്നു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം സൈബർ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന വിമർശനം ഏറ്റുപിടിച്ച ജില്ലാ സെക്രട്ടറി എംവി ജയരാജൻ, പോരാളി ഷാജി പേജിനെയടക്കം തള്ളിപ്പറഞ്ഞു. പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും, ഒരു പോരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും ആണ് ജയരാജൻ പറഞ്ഞത്. സിപിഎം അനുകൂലമെന്ന പേരില്‍ കോണ്‍ഗ്രസ് ആണ് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതെന്നും ആരോപിച്ചതോടെ ആണ് ഷാജി തിരിച്ചടിച്ചത്.
നേതാക്കളുടെ മാഫിയ ബന്ധങ്ങളും വീഴ്ചകളും ഇതോടെ എണ്ണിപ്പറഞ്ഞാണ് പിന്നീട് പോസ്റ്റുകൾ വന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് വന്നത്. തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് എന്നായിരുന്നു പോരാളി ഷാജിയുടെ വിമര്‍ശനം. ഇതിനോട് നിശബ്ദത പാലിക്കുകയാണ് സിപിഎം ചെയ്തത്. ഇതുകൊണ്ടൊക്കെ തന്നെ ഇനി പോരാളിയെ സംരക്ഷിക്കുന്ന ഒരു നീക്കവും സിപിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉറപ്പിക്കാം. ഹൈക്കോടതിയിൽ പോലീസ് ഇപ്പോൾ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളും ഈ സാഹചര്യത്തിൽ തന്നെയാണെന്ന് അനുമാനിക്കാം.
അതേസമയം പോരാളി ഷാജിക്ക് പിന്നിലെ പോരാളി, വഹാബ് ആണെന്ന് വ്യക്തമായത് വലിയ ആഘോഷമാക്കുകയാണ് സിപിഎം വിരുദ്ധ പേജുകള്‍. ആൾ ആരാണെന്ന് വ്യക്തമായിട്ടില്ല. സിപിഎം അനുഭാവിയോ പ്രവർത്തകനോ ആണോ എന്ന് പോലും വ്യക്തതയില്ല. എങ്കിലും വഹാബ് എന്ന പേരിനെ മുന്നിൽവച്ച് വർഗീയച്ചുവയുള്ള പ്രചരണമാണ് ഏറെയും നടക്കുന്നത്. പോരാളി ഷായി – പോരാളി സുടാപ്പി എന്നിങ്ങനെയെല്ലാമുള്ള ട്രോളുകള്‍ നിറയുകയാണ്. ഇതിലെല്ലാം വര്‍ഗീയത തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്. പേരും മതവും ഉപയോഗിച്ച് നടത്തുന്ന ഈ ആഘോഷം തീർത്തും നെഗറ്റീവ് തന്നെയാണ്.
വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കാഫിര്‍ പോസ്റ്റ് വിവാദമുണ്ടായത്. തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് ഈ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെകെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ചു എന്ന തരത്തിലായിരുന്നു ഇത്. ഇതാണ് സിപിഎം സൈബർ സംഘങ്ങൾ ഏറ്റെടുത്തത്. എന്നാലിപ്പോൾ ഹൈക്കോടതിയുടെ അടക്കം ഇടപെടലില്‍ നടന്ന അന്വേഷണത്തിലാണ് ഇടത് പ്രൊഫൈലുകൾ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഇത്തരം പ്രൊഫൈലുകള്‍ക്ക് പിന്നിലെ സിപിഎം വിരുദ്ധരുടെ സാന്നിധ്യം മനസിലാക്കിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകിയതെന്ന വാദവും ഉയരുന്നുണ്ട്.
എന്നാല്‍ ഈ പ്രൊഫൈലുകള്‍ക്ക് പിന്നിലുളളത് ആരൊക്കെ എന്നതില്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. പല ഗ്രൂപ്പ് അഡ്മിന്‍മാരും എവിടെ നിന്നാണ് സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാലാണ് പലരുടേയും ഫോണ്‍ പരിശോധനക്ക് വിധേയമാക്കിയത്. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് മറുപടി നല്‍കിയില്ല എന്നതിനാലാണ് ഫെയ്‌സ്ബുക്കിന്റേയും വാട്‌സാപിന്റേയും മാതൃകമ്പനിയായ മെറ്റയെയും കേസില്‍ പ്രതി ചേര്‍ത്തത്. സിപിഎം നേതാവും മുന്‍എംഎല്‍എയുമായ കെകെ ലതികയടക്കം ഈ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതെക്കുറിച്ചൊന്നും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
ഏതായാലും തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം വച്ചുളള ഈ വര്‍ഗീയ പ്രചരണത്തിന് പിന്നില്‍ സിപിഎം പ്രൊഫൈലുകള്‍ തന്നെയാണ് എന്ന കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങള്‍ നീങ്ങുന്നത്. പോരാളി ഷാജിയെ പോലെയുള്ള പ്രൊഫൈലുകളെ സംരക്ഷിക്കില്ല എന്ന സന്ദേശം തന്നെയാണ് ഇന്ന് മുഖ്യമന്ത്രിയും നല്‍കിയത്. പോലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അത് ലഭിച്ചശേഷം ബാക്കി നോക്കാമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here