പോസ്റ്റർ യുദ്ധം കോടതി കയറുന്നു; കോൺഗ്രസ് കേരള ഘടകത്തിൻ്റെ തിരിച്ചടിയിൽ നിരോധനാവശ്യവുമായി ബിജെപി

ജയ്പൂർ: ബിജെപിയും – കോൺഗ്രസും തമ്മിലുള്ള പോസ്റ്റർ യുദ്ധം കോടതിയിലേക്ക് നീങ്ങുന്നു. രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് രാജസ്ഥാൻ കോൺഗ്രസ്. എന്നാല്‍ ബിജെപിക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ് കേരള ഘടകം.
മുഹമ്മദ് ബിൻ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കോൺഗ്രസ് കേരള ഘടകം സാമൂഹ്യ മാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റർ പങ്കുവെച്ചു. ഈ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി രംഗത്തെത്തി.
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചിത്രത്തിൽ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്തത്. ‘‘പ്രിയപ്പെട്ട പ്രധാനമന്ത്രിജി, നിങ്ങൾക്കു പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ താൽപര്യമുണ്ടെങ്കിൽ തുഗ്ലക് കാലഘട്ടത്തിനു പകരം നിങ്ങളുടെ കാലഘട്ടം ഉൾപ്പെടുത്തൂ’’ -എന്ന കുറിപ്പും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു
അതേസമയം; രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജറാണ് ബിജെപി പോസ്റ്ററിനെതിരെ ജയ്പൂർ മെട്രോപോളിറ്റൻ കോടതിയിൽ ഹർജി നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെയാണ് ഹർജി. അപവാദ പ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിൻ്റെ തിരിച്ചടിയായിട്ടാണ് ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ പത്തു തലയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ബിജെപി എക്സ് പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്തത്. ഇതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വരികയും രാഹുലിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ആഹ്വാനമാണിതെന്ന ആരോപണം ഉയർത്തുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here