‘വയനാട്ടിലെ പോസ്റ്റർ പ്രചാരണം’ പ്രിയങ്കാ ഗാന്ധിക്ക് എതിരല്ല; പ്രചരിക്കുന്നത് നാലുവർഷം പഴക്കമുള്ള പോസ്റ്റർ
‘സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’… ഇങ്ങനെയെഴുതി നബി വചനങ്ങളും അച്ചടിച്ച ഒരു പോസ്റ്ററിൻ്റെ ചിത്രം ചൊവ്വാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്. കേരള കേരള മുസ്‌ലിം ജമാഅത്ത്, SYS, SSF, അല്‍ മദീന സുന്നി മദ്രസ ചക്കരക്കല്‍ എന്നിങ്ങനെ ഒരു അഡ്രസും ഇത് അച്ചടിച്ചവരുടേത് എന്ന മട്ടിൽ പോസ്റ്ററിൻ്റെ ചുവട്ടിൽ ചെറിയ അക്ഷരത്തിൽ കാണാം. രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് സീറ്റില്‍ മത്സരിക്കാൻ പ്രിയങ്ക എത്തുമെന്ന പ്രഖ്യാപനം തിങ്കളാഴ്ച വൈകിട്ട് വന്നതിന് പിന്നാലെ വയനാട്ടിൽ പ്രചരിക്കുന്നതാണ് ഈ പോസ്റ്റർ എന്ന വിശദീകരണവുമായി ആദ്യം ചില ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് അവയുടെ സ്ക്രീൻ ഷോട്ടുകളായി വാട്സാപ്പിലും വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. വനിതാ സ്ഥാനാർത്ഥിയെ മുസ്ലിം സംഘടനകൾ അംഗീകരിക്കില്ല എന്ന സൂചനകളോടെ വർഗീയച്ചുവയുള്ള ചില പരാമർശങ്ങളും, ഒപ്പം ‘പ്രിയങ്കയുടെ കാര്യം കോവിന്താ’ എന്ന പരിഹാസവും ചേർത്തിരുന്നു.
ചക്കരക്കല്ല് കണ്ണൂരിലാണ്. അവിടുത്തെ ഒരു മദ്രസയുടെ പേരിൽ വയനാട്ടിലെ സ്ഥാനാർത്ഥിക്കെതിരെ പ്രചാരണം എങ്ങനെയെന്ന സംശയത്തിലാണ് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലും പോസ്റ്ററിൽ പേര് പരാമർശിച്ചിരുന്ന അല്‍ മദീന സുന്നി മദ്രസയിലും ബന്ധപ്പെട്ടപ്പോൾ ഏകദേശ ചിത്രം വ്യക്തമായി. നാല് വര്‍ഷം മുന്‍പ് ചക്കരക്കല്ലില്‍ പിറവിയെടുത്ത പോസ്റ്ററാണ് ചിത്രത്തിലുള്ളത്. വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ഇതിനൊരു ബന്ധവുമില്ല. ചക്കരക്കല്ലിൽ ഇപ്പോൾ ഒരിടത്തും ഈ പോസ്റ്ററില്ല.
നാല് വര്‍ഷം മുന്‍പ് പ്രാദേശിക യൂണിറ്റിൽ ഉണ്ടായ ചെറിയ ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് ഒരുവിഭാഗം ഈ പോസ്റ്റര്‍ ഒട്ടിച്ചത്. ഇതിനെതിരെ ഡിവൈഎഫ്ഐ അന്ന് ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതോടെ പോലീസ് ഇരുവിഭാഗങ്ങളെയും വിളിപ്പിച്ചു നടത്തിയ ചർച്ചക്കൊടുവിൽ പ്രശ്നം പരിഹരിച്ചു. പോസ്റ്റര്‍ മാറ്റുകയും ചെയ്തു. അന്നാരോ എടുത്ത ഫോട്ടോയാകാം. എന്നാൽ ഇന്നിപ്പോൾ ഇതെങ്ങനെ പ്രചരിക്കുന്നുവെന്ന് അന്ന് പ്രശ്നത്തിൽ ഇടപെട്ട SYS പ്രാദേശിക ഘടകത്തിനും അറിയില്ല. “ഇപ്പോഴത്തെ പോസ്റ്റര്‍ പ്രചാരണം അറിഞ്ഞതേയില്ല. കാരണം ചക്കരക്കല്ലില്‍ അങ്ങനെ ഒന്നും ആരും ഇപ്പോൾ ഒട്ടിച്ചിട്ടില്ല”- SYS ഭാരവാഹി ഹാരിസ് പറശിനിയില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പോസ്റ്റര്‍ മനപൂര്‍വം പ്രചരിപ്പിക്കുന്നതാകാം. മേല്‍ഘടകത്തിൽ നിന്ന് നിർദേശം കിട്ടിയാൽ പോലീസിൽ പരാതി നൽകും. പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നതില്‍ എതിര്‍പ്പ് ഉണ്ടോ എന്ന് പറയേണ്ടത് മതപണ്ഡിതരാണെന്നും ഹാരിസ് പ്രതികരിച്ചു. ചക്കരക്കല്‍ പോലീസിനും നിലവിൽ പരാതിയൊന്നും കിട്ടിയിട്ടില്ല. നാലുവർഷം മുൻപുണ്ടായ തർക്കം രമ്യമായി പരിഹരിച്ചതാണെന്നും ഇപ്പോൾ പോസ്റ്റർ പ്രചരിപ്പിക്കുന്നത് അതിൻ്റെ തുടർച്ചയാകാൻ ഇടയില്ലെന്നുമാണ് പോലീസിൻ്റെ നിലപാട്.
അതേസമയം പോസ്റ്റർ പ്രത്യക്ഷപ്പെട്ട സമയവും സാഹചര്യവും പരിഗണിച്ചാൽ രാഷ്ട്രിയ ഗൂഡാലോചനക്കുള്ള സാധ്യതയുണ്ട്. പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾ നോക്കിയാലും അതിലെ ഭാഷ പരിഗണിച്ചാലും അത് വ്യക്തമാണ്. എന്നാൽ ദുരുദ്ദേശ്യം ഒന്നുമില്ലാതെ ഗ്രൂപ്പുകൾ തോറും ഫോർവേഡ് ചെയ്തവരാണ് പോസ്റ്ററിനെ ഒറ്റദിവസം കൊണ്ട് വൈറലാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here