കുസാറ്റ് ദുരന്തത്തിന് കാരണക്കാരൻ വിസി; കേസെടുക്കണമെന്ന് പരാതി; മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഇവരുടെ കഴുത്തിലും നെഞ്ചിലുമാണ് പരുക്കേറ്റതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശ്വാസകോശത്തിന് പരുക്കേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലുള്ളത്
അപകടത്തിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 24 പേരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഐസിയുവിൽ തുടരുന്ന മൂന്നുപേരിൽ ഒരാളുടെ നില തൃപ്തികരമാണ്. പത്ത് പേർ ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, വൈസ് ചാൻസിലർ ഡോ. പി.ജി ശങ്കരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷൻ എം സുഭാഷ് കളമശ്ശേരി പോലീസിന് പരാതി നൽകി.പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണ് ദുരന്തത്തിന് കാരണക്കാരൻ എന്നാരോപിച്ചാണ് പരാതി. പോലീസിൻ്റെ അനുമതിയില്ലാതെ പരിപാടി നടത്തിയ വിസിക്കും സംഘാടക സമിതിയിലുള്ള അധ്യാപകർക്കുമെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ടെക് ഫെസ്റ്റിൻ്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്. രണ്ടാംവർഷ സിവിൽ വിദ്യാർത്ഥി അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി ആൻ റിഫ്ത്ത, രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിദ്യാർത്ഥിനി സാറ, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരണപ്പെട്ടത്. നാല് പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here