തണ്ണീര്‍ക്കൊമ്പന്‍റെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചു, കാലില്‍ ആഴത്തില്‍ മുറിവ്; പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തല്‍ ഇങ്ങനെ

ബെംഗളൂരു: മയക്കുവെടി വെച്ച് പിടികൂടിയതിനു പിന്നാലെ ചെരിഞ്ഞ തണ്ണീര്‍ക്കൊമ്പന്‍റെ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയായി. കാട്ടാനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചതാണ് മരണകാരണം. ആനയുടെ ഇടത് തുടയില്‍ പഴക്കമുള്ള മുറിവ് കണ്ടെത്തി. ഇതില്‍ നിന്നുള്ള പഴുപ്പ് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. ബന്ദിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലായിരുന്നു തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പി.സി.സി.എഫ്. സുഭാഷ് മാൽഖഡെ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടിയിലിറങ്ങിയ തണ്ണീര്‍ക്കൊമ്പനെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബന്ദിപ്പൂരിലെ രാമപുര ക്യാമ്പില്‍വെച്ച് ഇന്ന് രാവിലെയാണ് തണ്ണീർക്കൊമ്പൻ ചെരിഞ്ഞത്. ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ഏറ്റത് തണ്ണീര്‍ക്കൊമ്പന് വെല്ലുവിളിയായി. വാഹനത്തിൽവച്ചുതന്നെ ആന കുഴ‌ഞ്ഞുവീഴുകയായിരുന്നുവെന്നും ആളും ബഹളവുമൊക്കെ കണ്ടതിന്റെ ആഘാതം ആനയ്ക്ക് ഉണ്ടായിരിക്കാമെന്നും ബന്ദിപൂർ ഫീൽഡ് ഡയറക്‌ടർ പറഞ്ഞു. മയക്കുവെടി വെച്ചശേഷം 15 മണിക്കൂറോളം ആനയ്ക്ക് വെള്ളം പോലും നല്‍കാത്തതില്‍ വനംവകുപ്പിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top