ഇന്ത്യ- അഫ്ഗാന്‍ ഏകദിന പരമ്പര; പുതുക്കിയ തിയതി പ്രഖ്യാപിച്ചു
മുംബെെ: ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഈ വർഷം ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2024 ജനുവരിയിലേക്ക് മാറ്റിവച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു ജയ് ഷായുടെ പ്രതികരണം. അടുത്ത നാല് വർഷത്തെ മത്സരങ്ങൾ ഉൾക്കൊള്ളുന്ന ബിസിസിഐയുടെ പുതിയ മീഡിയ റൈറ്റ്‌സ് ഓഗസ്റ്റ് അവസാനത്തോടെ ഒപ്പുവെക്കുമെന്നും ജയ് ഷാ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന് എതിരായ മുഴുനീള പര്യടനവും കണക്കിലെടുത്താണ് ഇന്ത്യ-അഫ്ഗാന്‍ ഏകദിന പരമ്പര മാറ്റിവച്ചിരിക്കുന്നത്. ഓസീസിനെതിരായ ഫൈനലിന് ശേഷം താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം.
വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും ഏഷ്യാ കപ്പും വരുന്ന സാഹചര്യത്തില്‍ അഫ്‌ഗാനുമായി തിരക്കുപിടിച്ച് പരമ്പര കളിക്കേണ്ടതില്ല എന്നും ബിസിസിഐ നിലപാടെടുക്കുകയായിരുന്നു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളും ടൂര്‍ണമെന്റിന് ശേഷം അഞ്ച് ടി20കളും കളിക്കാനും ബിസിസിഐ തീരുമാനമെടുത്തിട്ടുണ്ട്.
2023ലെ ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനെയും പ്രഖ്യാപിക്കുമെന്നും ഷാ വ്യക്തമാക്കി. 2023ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിതാ ടീമുകളെ അയക്കാന്‍ ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. വനിതകളില്‍ പ്രധാന ടീമിനെ തന്നെ അയക്കുമ്പോള്‍ പുരുഷന്‍മാരില്‍ രണ്ടാംനിര ടീമിനെയാവും ചൈനയിലെ ഹാങ്ഝൗവിലേക്ക് അയക്കുക. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഏഷ്യാഡ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here