കൊന്ന ശേഷം കാല്‍വെട്ടിയെടുത്ത് റോഡിലെറിഞ്ഞ സുധീഷ് കൊലക്കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയുടെ പേരില്‍ യുവാവിനെ കൊന്നശേഷം കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ കേസില്‍ പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് എസ്.സി – എസ്.ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഷാജഹാനാണ് പ്രതികളെല്ലാം കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്. സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്, സച്ചിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ശിക്ഷവിധി നാളെയുണ്ടാകും.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുധീഷാണ് കൊല്ലപ്പെട്ടത്. 2021 ഡിസംബര്‍ 11ന് പോത്തന്‍കോട്ടുള്ള ബന്ധു വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. ഒന്നാം പ്രതിയായ ഉണ്ണി എന്ന് വിളിക്കുന്ന സുധീഷിന്റെ സുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിനും അമ്മയെ അസഭ്യം പറഞ്ഞതിലും ഉള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയത്. ഈ കേസില്‍ ഒളിവില്‍ കഴിയവേയാണ് എതിര്‍ സംഘം ബന്ധുവീട് വളഞ്ഞ് ആക്രമിച്ചത്. കൊന്ന ശേഷം സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് റോഡില്‍ എറിയുകയും ചെയ്തു.
രണ്ട് കൊലക്കേസുകളിൽ പ്രതിയായ ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി ഒട്ടകം രാജേഷായിരുന്നു ഈ കൊലയുടെ സൂത്രധാരന്‍. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതികളെ തിരഞ്ഞ് പോയ ബാലു എന്ന് പോലീസുകാരന്‍ വള്ളം മുങ്ങി മരിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് പിന്നാലെ പോലീസ് എത്തിയതോടെ ഇവര്‍ പലഘട്ടങ്ങളിലായി കീഴടങ്ങി. കീഴടങ്ങാനായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഒട്ടകം രാജേഷിനെ പോലീസ് പിടികൂടുകയും ചെയ്തു. 88-ാം ദിവസം കുറ്റപത്രം നല്‍കിയതോടെ പ്രതികള്‍ക്ക് വിചാരണഘട്ടത്തിലൊന്നും ജാമ്യം ലഭിച്ചതുമില്ല. 82 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 4 സാക്ഷികള്‍ കുറുമാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here