പുളിച്ച മാവില്‍ കുളിച്ച് മില്ലുടമയുടെ പ്രതിഷേധം; ലൈന്‍ ഓഫാക്കുമ്പോള്‍ കെഎസ്ഇബി അറിയിച്ചില്ല
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയപ്പോള്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ പുളിച്ച മാവില്‍ കുളിച്ച് പ്രതിഷേധം. കൊല്ലം കുണ്ടറയിലെ മില്ലുടമയായ രാജേഷാണ് ആട്ടിയ മാവ് തലയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. മാവ് കവറുകളില്‍ ആക്കി രാജേഷ് വില്പന നടത്തുന്നുണ്ട്. രാവിലെ മാവ് ആട്ടാന്‍ തുടങ്ങുമ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നു. പെട്ടെന്ന് വൈദ്യുതി നിലച്ചു.
ആട്ടുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ മാവ് ആട്ടാനും പാക്ക് ചെയ്യാനും കഴിഞ്ഞില്ല. പ്രയത്നവും പണവും വെറുതെയായി. കെഎസ്ഇബി ഓഫീസില്‍ വിളിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടാണ് ലൈന്‍ ഓഫ് ചെയ്തത് എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ രാജേഷിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.
ഇതോടെയാണ് കെഎസ്ഇബി ഓഫീസിനു മുന്നില്‍ എത്തി പുളിച്ച മാവ് തലയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. “പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് വൈദ്യുതി മുടങ്ങുന്നു എന്ന സന്ദേശം ലഭിച്ചത്. 10000 രൂപയോളം നഷ്ടമുണ്ടായി.”- രാജേഷ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here