നാറിനാമാവശേഷമായി മുന്‍ പ്രധാനമന്ത്രിയുടെ പിന്‍മുറക്കാര്‍; അധികാരവും പണവും രേവണ്ണ കുടുംബത്തെ അഹങ്കാരികളാക്കി

സകല അധികാരവും കൈപ്പിടിയിൽ ഒതുക്കിയിരുന്ന ഒരു കുടുംബം ഒന്നാകെ ലൈംഗിക പീഡനക്കേസുകളില്‍ അകത്താവുന്നത് സമീപകാല ഇന്ത്യന്‍ രാഷ്ടീയത്തില്‍ ആദ്യമാണ്. ഇന്ത്യയുടെ 11-ാം പ്രധാനമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാക്കളിൽ ഒരാളുമായ എച്ച്ഡി ദേവഗൗഡയുടെ മൂത്തമകനും കുടുംബവുമാണ് അധികാരത്തണലില്‍ സകല അധമപ്രവര്‍ത്തികളും ചെയ്ത് പെട്ടുകിടക്കുന്നത്.

ആറ് പതിറ്റാണ്ടിലധികമായി കര്‍ണാടക രാഷ്ട്രീയത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ദേവഗൗഡ കുടുംബം. പിതാവിനെപ്പോലെ മക്കളായ എച്ച്ഡി രേവണ്ണയും എച്ച്ഡി കുമാരസ്വാമിയും കര്‍ണാടകയില്‍ ജനതാദള്‍ (എസ്) എന്ന കുടുംബ പാര്‍ട്ടിയുടെ നേതാക്കളാണ്. കുമാരസ്വാമി ഇപ്പോള്‍ മോദി മന്ത്രിസഭയില്‍ ഉരുക്ക്, ഘന വ്യവസായമന്ത്രിയാണ്. അദ്ദേഹം കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമാണ്.

ദേവഗൗഡയുടെ മൂത്തമകനാണ് എച്ച്ഡി രേവണ്ണ. ഇദ്ദേഹം വര്‍ഷങ്ങളായി ഹാസന്‍ ജില്ലയിലെ ഹോലെനരസിപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്നു. ഹാസന്‍ ജില്ലയിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു രേവണ്ണ കുടുംബം. ഹാസനിൽ നീതിയും ന്യായവുമൊക്കെ രേവണ്ണ പറയുന്നതാണ്. അതായിരുന്നു സ്ഥിതി. അതുകൊണ്ട് തന്നെ ഇവരുടെ ദുർനടപ്പുകളെ ക്കുറിച്ചൊന്നും പരാതിപ്പെടാൻ ആരുമുണ്ടായില്ല.

മുത്തച്ഛന്റേയും അച്ഛന്റേയും അധികാരത്തണലില്‍ വളര്‍ന്ന രേവണ്ണയുടെ രണ്ട് ആണ്‍മക്കളും സകല കൊള്ളരുതായ്മകളുടേയും വിളനിലമായിരുന്നു. ഹാസന്‍ അവരാണ് ഭരിച്ചിരുന്നത്. ഗ്രാമവാസികള്‍ക്കെല്ലാം ഈ രണ്ടുപേരേയും ഭയമായിരുന്നു. രേവണ്ണയുടെ ഇളയ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രജ്വല്‍ 17-ാം ലോക്‌സഭയില്‍ ഹാസനില്‍ നിന്നുള്ള എംപിയായിരുന്നു. സഭയിലെ പ്രായം കുറഞ്ഞ എംപിമാരിലൊരാള്‍. തന്റെ അടുത്ത് സഹായം തേടി വരുന്ന സ്ത്രീകളെ പ്രായഭേദമില്ലാതെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതിൻ്റെ കഥകൾ പതിയെയാണ് പുറത്തുവന്നത്. അധികാരവും സ്വാധീനവും ഉപയോഗിച്ച് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തും ഇരകളെ ആവര്‍ത്തിച്ച് പീഡിപ്പിച്ചു. നൂറിലധികം സ്ത്രീകളുടെ മൂവായിരത്തിലധികം ക്ലിപ്പുകളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ ദൃശ്യങ്ങള്‍ നാടാകെ പരക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലൈംഗിക പീഡന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി. ഇയാളുടെ ഡ്രൈവറാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയത് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ആയിരുന്ന ജനതാദളിൻ്റെ തകര്‍ച്ചക്ക് പോലും ഈ സംഭവം ഇടയാക്കി. അറുപത് വയസുകാരിയായ വീട്ടുജോലിക്കാരിയെ പോലും ഇയാള്‍ വെറുതെ വിട്ടില്ല. പോളിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന് ജര്‍മ്മനിയിലേക്ക് ഒളിവില്‍ പോയ പ്രജ്വല്‍ ഒരു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. എംപി എന്ന നിലയില്‍ ജനക്ഷേമകരമായ ഒരു പ്രവര്‍ത്തനവും പ്രജ്വല്‍ നടത്തിയിരുന്നില്ല. അധികാരം ഉപയോഗിച്ച് അര്‍മാദിച്ച് നടന്നു എന്നു മാത്രം. നൂറിലധികം സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പരാതിപ്പെടാന്‍ ധൈര്യം കാട്ടിയത്.

പ്രജ്വലിനെതിരെ ആദ്യം പരാതിപ്പെട്ട ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പിതാവ് എച്ച്ഡി രേവണ്ണ ആദ്യം അറസ്റ്റിലായത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. അമ്മയെ കാണാനില്ലെന്നും രേവണ്ണയുടെ നിര്‍ദേശപ്രകാരം സഹായി തട്ടിക്കൊണ്ടു പോയെന്നും ചൂണ്ടിക്കാട്ടി ഇരയുടെ മകന്‍ മൈസൂരു പോലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. രണ്ടാഴ്ചയിലധികം ജയിലില്‍ കിടന്നു. ഇതേ കേസില്‍ രേവണ്ണയുടെ ഭാര്യ ഭവാനിയും പ്രതിയാണ്. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഭവാനി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി.

ഏറ്റവും ഒടുവില്‍ രേവണ്ണയുടെ മൂത്ത മകന്‍ സൂരജ് രേവണ്ണയും പീഡനക്കേസില്‍ ഇന്നലെ അറസ്റ്റിലായി. 27കാരനായ യുവാവിനെ ജോലി വാഗ്ദാനം ചെയ്ത് ഫാം ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പോലീസ് പറയുന്ന തീയതി പരിഗണിച്ചാൽ, പ്രജ്വലിൻ്റെ കേസുകൾ രാജ്യമാകെ വലിയ ചർച്ചയാകുകയും ജർമനിയിലേക്ക് മുങ്ങിയ ഇയാളെ തിരിച്ചെത്തിക്കുകയും ചെയ്ത ദിവസങ്ങളിൽ തന്നെയാണ് സഹോദരൻ സൂരജ് പാർട്ടിയിലെ സഹപ്രവർത്തകനോട് ഈ ലൈംഗിക അതിക്രമം കാട്ടിയത്. വല്ലാത്തൊരു കുടുംബം എന്ന് പുറത്തുള്ളവർ പറയുമെങ്കിലും ഹാസനിലോ കർണാടകയിലോ ഉള്ളവർക്കാർക്കും ഈ പുറത്തുവരുന്ന വാർത്തകളിലൊന്നും അമ്പരപ്പ് തെല്ലുമില്ല എന്നതാണ് സത്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top