ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് വയനാട്ടെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുമോ; രണ്ടും കേസിലും ചുമത്തിയത് ആത്മഹത്യാ പ്രേരണക്കുറ്റം

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിലാണ് എന്നാണ് സൂചന. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കും. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻ.ഡി.അപ്പച്ചനും കെ.കെ.ഗോപിനാഥും വയനാടില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎ തിരുവനന്തപുരത്ത് ആണെന്നാണ് സൂചന. ഡിസിസി പ്രസിഡൻറ് എൻ.ഡി.അപ്പച്ചന്‍ തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയാണ് പ്രതിസ്ഥാനത്ത് വന്നത്. ദിവ്യക്ക് എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍ പോലീസ് അവരെ ഒളിവില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യാതിരിക്കാന്‍ സിപിഎമ്മും മുന്‍കരുതല്‍ പുലര്‍ത്തി. അതുകൊണ്ട് തന്നെ ദിവ്യ അറസ്റ്റില്‍ ആയില്ല. 12 ദിവസമാണ് ഒളിവില്‍ കഴിയാന്‍ ദിവ്യക്ക് സമയം നല്‍കിയത്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പാര്‍ട്ടി ദിവ്യയെ പോലീസിനു കൈമാറിയത്. അതുകൊണ്ട് തന്നെ വിജയന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു ധാര്‍മികമായി കഴിയില്ല. അറസ്റ്റ് ചെയ്താന്‍ ഇരട്ടനീതി പ്രശ്നം വീണ്ടും ഉയര്‍ന്നുവരും.
ബോബി ചെമ്മണ്ണൂരിനും പി.പി.ദിവ്യയ്ക്കും ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് നീതിയാണ് നല്‍കിയത് എന്ന ആരോപണം അന്തരീക്ഷത്തില്‍ സജീവമാണ്. പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ മടി കാണിച്ച പോലീസാണ് ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ പോയി അറസ്റ്റ് ചെയ്തത്. ബോബിയുടെ വണ്ടിക്ക് കുറുകെ പോലീസ് വണ്ടി നിര്‍ത്തി നാടകീയമായാണ് അറസ്റ്റ് ചെയ്തത്. പോലീസ് സാഹസം കാണിച്ച് വയനാട്ടെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌താല്‍ ഇരട്ട നീതി പ്രശ്നത്തില്‍ ആഭ്യന്തരവകുപ്പ് വീണ്ടും പ്രതിക്കൂട്ടിലാകുന്ന അവസ്ഥ വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here