ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; ആഗ്രഹിച്ച വിധിയെന്ന് കുടുംബം

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് ജാമ്യം നിഷേധിച്ച വിധിയില്‍ പ്രതികരണവുമായി നവീന്‍ബാബുവിന്റെ കുടുംബം. രാഷ്ട്രീയയുദ്ധമല്ല ഞങ്ങള്‍ നടത്തിയത്. നിയമയുദ്ധം മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. സിപിഎമ്മിനോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല- നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ഞങ്ങളുടെ ജീവിതം തകര്‍ത്ത പ്രതിയെ അറസ്റ്റ് ചെയ്യണം. കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കണം. യോഗത്തില്‍ കലക്ടര്‍ ഇടപെടേണ്ടിയിരുന്നു. അദ്ദേഹമായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം കുടുംബം എത്തും മുന്‍പാണ് നടത്തിയത്. – മഞ്ജുഷ പറഞ്ഞു.

എഡിഎമ്മിന്‍റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി.ദിവ്യക്ക് മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചാണ് വിധി വന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യഹര്‍ജി തള്ളി വിധി പറഞ്ഞത്. 1700/2004 കേസ് ഡിസ്മിസ്ഡ് എന്ന വാക്കുമാത്രമാണ് കോടതി പറഞ്ഞത്.

കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദത്തിനു ശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. പ്രോസിക്യൂഷന് പുറമേ നവീന്‍ ബാബുവിന്റെ കുടുംബം കൂടി കക്ഷി ചേര്‍ന്നിരുന്നു. മൂന്ന് വാദവും കേട്ട ശേഷമാണ് വിധി പറയാന്‍ മാറ്റിയത്.

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാല്‍ ദിവ്യയുടെ അഭിഭാഷകന്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തിയാണ് വാദിച്ചത്. സദുദേശ്യത്തോടെയാണ് ദിവ്യ സംസാരിച്ചത് എന്നാണ് കോടതിയില്‍ പറഞ്ഞത്.

ദിവ്യക്കും സിപിഎമ്മിനും വന്‍ തിരിച്ചടിയായ കോടതി വിധിയാണ് പുറത്തുവന്നത്. ജാമ്യഹര്‍ജി തള്ളിയതോടെ ദിവ്യക്ക് എതിരെ അച്ചടക്ക നടപടി എടുക്കാനും പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. ദിവ്യക്കെതിരായ സംഘടനാ നടപടി അടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ നാളെ വിളിച്ചുകൂട്ടിയിട്ടുണ്ട്.

നവീൻ ബാബുവിന്റെ മരണത്തിൽ ഒളിവിൽ കഴിയുന്ന ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടിയതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എഡിഎം ആത്മഹത്യ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യഹര്‍ജിയിലെ വിധി വരാനാണ് പോലീസ് കാത്തിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top