ഇനി പോംവഴി അറസ്റ്റ് മാത്രം; സംരക്ഷിച്ചാല്‍ സിപിഎമ്മിന് ബാധ്യതയാകും; ഉപതിരഞ്ഞെടുപ്പ് കാലത്ത് അതിന് മുതിരുമോ സര്‍ക്കാര്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ സിപിഎം നേതാവ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് പോലീസ്. ഇതുവരേയും മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ന്യായം അറസ്റ്റ് വൈകുന്നതിന് പോലീസിനും സര്‍ക്കാരിനും പറയാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന വിധി വന്നതോടെ ഇനി ദിവ്യയെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സിപിഎമ്മിന് മുന്നിലുളളത്.

പൊതുസമൂഹത്തിന് മുന്നില്‍ നിലവില്‍ തന്നെ ദിവ്യക്ക് സംരക്ഷണം നല്‍കുന്നതിന്റെ പേരില്‍ സിപിഎം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഇനിയും അത് തുടര്‍ന്നാല്‍ ഉണ്ടാകാവുന്ന തിരിച്ചടി സിപിഎമ്മിന് നന്നായി അറിയാം. പ്രത്യേകിച്ചും മൂന്നിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനിയും നിയമവിരുദ്ധ സംരക്ഷണം നല്‍കുന്നത് ജനവികാരം എതിരാക്കും. ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ തന്നെ സിപിഎം കനത്ത തിരിച്ചടി മുന്നില്‍ കാണുന്നുണ്ട്. അതിനൊപ്പമാണ് ദിവ്യയെ സംരക്ഷിക്കുന്നുവെന്ന ആരോപണം.

നവീന്റെ കുടുംബത്തിന്റെ സിപിഎം ബന്ധവും വലിയ ചര്‍ച്ചയായ വിഷയമാണ്. പാര്‍ട്ടിയുമായി അടുപ്പമുള്ള കുടുംബത്തിന് പോലും നീതി ലഭിക്കുന്നില്ലെന്ന പ്രചരണം കടുത്ത തിരിച്ചടിയാകും. പിപി ദിവ്യക്കെതിരെ കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട സിപിഎം നേതൃത്വം ആദ്യം മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ കണ്ണൂര്‍ നേതൃത്വമാണ് ദിവ്യക്ക് സംരക്ഷണം ഒരുക്കിയിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ എല്ലാ നടപടിയും അവസാനിപ്പിക്കാനാണ് കണ്ണൂര്‍ നേതൃത്വം ശ്രമിച്ചത്. ഇതിനേറ്റ തിരിച്ചടി കൂടിയാണ് ഇന്നത്തെ കോടതി വിധി.

നവീന്റെ കുടുംബത്തിനൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുന്ന സിപിഎം നേതൃത്വം അതിലെ ആത്മാര്‍ത്ഥ ഈ വൈകിയവേളയിലെങ്കിലും തെളിയിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിനിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും, ഇത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് അറസ്റ്റുണ്ടായാല്‍ സുഖചികിത്സ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പാര്‍ട്ടിയുടെ യുവനേതാവിനെ ജയിലില്‍ പോകാന്‍ അനുവദിക്കാതെ സംരക്ഷിക്കാന്‍ ഇത്തരത്തില്‍ നീക്കം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top