സിപിഎമ്മിന്റെ ‘സദുദ്ദേശ സിദ്ധാന്തം’ പൊളിഞ്ഞു പാളീസായി; ദിവ്യയെ ന്യായീകരിച്ചത് പുലിവാലായി

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ കേസിലെ മുഖ്യ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ ന്യായീകരിച്ചു നടന്ന സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. കലക്ടറേറ്റില്‍ നടന്ന എഡിഎമ്മിന്റെ യാത്ര അയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തി അധിക്ഷേപ പ്രസംഗം നടത്തിയ ദിവ്യയെ സംരക്ഷിക്കുകയും അവര്‍ അഴിമതിക്കെതിരായി സദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തിയതെന്നായിരുന്നു പാര്‍ട്ടി നിലപാട്. നവീന്‍ ബാബു ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞത്.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങില്‍ വലിഞ്ഞു കേറിച്ചെന്ന് അദ്ദേഹത്തെ അപമാനിച്ചു നടത്തിയ പ്രസംഗത്തെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സദുദ്ദേശ വിമര്‍ശനമായി കൊണ്ടാടിയത്. പാര്‍ട്ടിക്കും ദിവ്യയ്ക്കുമെതിരെ ജന രോഷമുയര്‍ന്ന ഘട്ടത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അസാധാരണമായ ന്യായീകരണ ക്യാപ്‌സ്യൂള്‍ ഇറക്കിയത്. ദിവ്യയും പാര്‍ട്ടിയും പറഞ്ഞതും ന്യായീകരിച്ചതുമെല്ലാം കള്ളമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നും അഴിമതി നടത്തിയെന്ന് ധ്വനിപ്പിക്കും വിധത്തിലായിരുന്നു ദിവ്യയുടെ പ്രസംഗം. എന്നാല്‍ നവീന്‍ ബാബു പമ്പിനുള്ള അനുമതി ഫയല്‍ വൈകിപ്പിക്കുകയോ, കൈക്കൂലി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് അസന്നിഗ്ധമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിളക്കമാര്‍ന്ന സര്‍വീസ് കാലഘട്ടമുള്ള ഒരു ഉദ്യോഗസ്ഥനെ ബോധപൂര്‍വം അപമാനിച്ചും അധിക്ഷേപിച്ചും മരണത്തിലേക്ക് തള്ളിവിട്ട ദിവ്യയെ യാതൊരു മന:സാക്ഷി ക്കുത്തുമില്ലാതെയാണ് സിപിഎം ന്യായീകരിച്ചത്.
പി പി ദിവ്യ 2024 ഒക്ടോബര്‍ 14 ന് കലക്ടറേറ്റില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
‘കണ്ണൂരില്‍ അദ്ദേഹം പ്രവര്‍ത്തനം നടത്തിയപോലെ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ ആളുകളെ സഹായിക്കണം. കാരണം നമ്മുടെയെല്ലാം ചുറ്റും ആളുകളുണ്ട്. വളരെ കെയര്‍ ചെയ്യണം. നമ്മുടെ ജീവിതം സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി നമ്മുടെയെല്ലാം സിവില്‍ഡെത്ത് സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ചോര്‍ത്തുകൊണ്ട് നമ്മളെല്ലാവരും കൈയില്‍ പേന പിടിക്കണം എന്നുമാത്രമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്. ഒരു രണ്ടുദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞുകൊണ്ട് ഞാനിവിടന്ന് ഇറങ്ങും. മറ്റൊന്നുമല്ല, ഉപഹാരം സമര്‍പ്പിക്കുന്ന സമയത്ത് ഈ ചടങ്ങില്‍ ഞാനുണ്ടാവരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിന് പ്രത്യേകകാരണങ്ങളുണ്ട്. ആരണ്ടുദിവസം കൊണ്ട് നിങ്ങള്‍ അറിയും’.

അത്യന്തം ധാര്‍ഷ്ട്യം നിറഞ്ഞതും അടിസ്ഥാന രഹിതവുമായ പ്രസംഗത്തെയാണ് അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമായി പാര്‍ട്ടി ചിത്രീകരിച്ചത്. പ്രാഥമികമായ യാതൊരു അന്വേഷണവും നടത്താതെയാണ് നവീന്‍ ബാബുവിന്റെ മരണം നടന്നതിന്റെ രണ്ടാം നാള്‍ ജില്ലാ സെക്രട്ടറിയേറ്റ് പുതിയ അഴിമതി വിരുദ്ധ സിദ്ധാന്തം ചമച്ചത്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് ന്യായീകരിച്ചു നടക്കുമ്പോഴാണ് കേസില്‍ പ്രതിയായി ജയിലില്‍ നിന്ന് ജാമ്യം ലഭിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയടക്കം ഒരു പറ്റം വനിത നേതാക്കള്‍ ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്.
പാര്‍ട്ടിയുടെ ഇത്തരം ഇരട്ടത്താപ്പ് കണ്ട് മനം മടുത്തിട്ടാവാം ‘സി പി എമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുറന്നടിച്ചത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന നിലപാടിലായിരുന്നു കണ്ണൂര്‍ ജില്ലാ പാര്‍ട്ടി നേതൃത്വം. അതു കൊണ്ടാണ് ദിവ്യയുടെ നിലപാടിനെ പുകഴ്ത്തി സദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തിയതെന്ന ന്യായീകരണം നടത്തിയത്.ഈ ന്യായീകരണം പാര്‍ട്ടി ഇനിയും പിന്‍വലിച്ചിട്ടില്ല.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ നവീന്‍ ബാബു കൈക്കൂലി .ആവശ്യപ്പെട്ടെന്നായിരുന്നു പമ്പ് അപേക്ഷകനായ പ്രശാന്തന്‍ പറഞ്ഞു നടന്നത്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. എന്നാല്‍ നവീനെതിരെ പരാതികളൊന്നും കിട്ടിയിരുന്നില്ലെന്ന് സംസ്ഥാന വിജിലന്‍സ് വ്യക്തമാക്കിയതോടെ, അദ്ദേഹത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്നുപറയുന്ന പരാതി എവിടെ എന്ന ചോദ്യം ഉയരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരേ പരാതി നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ വഴിയോ മുഖ്യമന്ത്രിക്ക് ലഭിക്കുന്നത് അവിടെനിന്ന് വിജിലന്‍സ് ഡയറക്ടറേറ്റിനോ വകുപ്പ് തലവന്മാര്‍ക്കോ ആണ് കൈമാറുന്നത്. നവീന്‍ ബാബു യാതൊരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറും കണ്ടെത്തിയതോടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കെട്ടിപ്പൊക്കിയ ന്യായീകരണ ബലൂണിന്റെ കാറ്റ് പോയ അവസ്ഥയാണ്.
പെട്രോള്‍ പമ്പിന്റെ അനുമതിക്കായുള്ള എന്‍ഒസിലഭിക്കാന്‍ നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്നും, അത് നല്‍കിയെന്നും, അദ്ദേഹം മരിച്ച വിവരം പുറത്തുവന്ന ഒക്ടോബര്‍ 15-നാണ് പ്രശാന്തന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ കത്ത് സി.പി.എം. പാര്‍ട്ടി കേന്ദ്രത്തിലാണ് തയ്യാറാക്കിയതെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ദിവ്യയെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞെങ്കിലും പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം.
നവീന്‍ ബാബുവിന്റെ മരണമുണ്ടായതിന്റെ പിറ്റേ ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി സെക്രട്ടറി പുറപ്പെടുവിച്ച പ്രസ്താവനയിലെ വാചകങ്ങളാണ് ദിവ്യയ്ക്ക് ജാമ്യത്തിനു വേണ്ടി കോടതിയില്‍ ഹാജരായ പാര്‍ട്ടി വക്കീലും കോടതിയില്‍ ഉന്നയിച്ചത് – ‘ സദുദ്ദേശത്തോടെയാണ് അഴിമതിയെക്കുറിച്ച് ദിവ്യ ഉന്നയിച്ചതെന്ന വാദം പാര്‍ട്ടി ഒരു ഘട്ടത്തിലും ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ മറ്റൊരു തെളിവാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ കുറിപ്പിലും സദുദ്ദേശ സിദ്ധാന്തം ആവര്‍ത്തിച്ചിട്ടുണ്ട്. ദിവ്യ പറഞ്ഞതില്‍ തെറ്റില്ലെന്നും നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് ധ്വനിപ്പിക്കും വിധത്തിലാണ് രണ്ടാമത്തെ ന്യായീകരണവും പാര്‍ട്ടി നടത്തിയത്. എല്ലാ ഘട്ടത്തിലും നവീന്‍ ബാബുവിനെ സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം സംശത്തിന്റെ നിഴലിലാണ് നിര്‍ത്തിയത്.

കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും കേരളത്തില്‍ സിപിഎമ്മിന് ഒരു നിലപാടേയുള്ളൂ എന്നും അതു നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുക എന്നതാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ ആ സ്ഥാനത്തുനിന്നു മാറ്റുക എന്നതാണു പ്രധാനപ്പെട്ട നടപടിയെന്നും അതു ചെയ്‌തെന്നും ഗോവിന്ദന്‍ പറയുമ്പോഴും നവീന്‍ ബാബു അഴിമതിക്കാരനാണെന്ന കണ്ണൂര്‍ പാര്‍ട്ടിയുടെ നിലപാടിനെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവര്‍ത്തിച്ചു പറയുന്ന സദുദ്ദേശ സിദ്ധാന്തത്തെ തള്ളിപ്പറയാന്‍ മുഖമന്ത്രിയോ എം വി ഗോവിന്ദനോ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here