സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങാനാകും; പ്രശാന്തന്‍ ബിനാമിയോ? ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ്
എന്‍ഒസിക്കായി എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പിപി ദിവ്യ ആരോപിച്ച ചെങ്ങളയിലെ പെട്രോള്‍ പമ്പുടമ ടിവി പ്രശാന്തന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അഴിമതിക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയ പ്രശാന്തന്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരനാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ ബിസിനസ് ചെയ്യും എന്ന ചോദ്യമാണ് ഉയരുന്നത്. സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റ് ധനസമ്പാദന മാർഗങ്ങൾ പാടില്ല. ഇത് ലംഘിച്ചുളള പ്രവര്‍ത്തനത്തിന് പ്രശാന്തന്‍ വിശദീകരണം നല്‍കേണ്ടിവരും.
മുഖ്യമന്ത്രിക്ക് നല്‍കിയെന്ന പറയുന്ന പരാതിയിലും അവ്യക്തതയുണ്ട്. പരാതി ലഭിച്ചു എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് പ്രശാന്തന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുന്നത് സിഎംഒ പോര്‍ട്ടല്‍ വഴിയാണ്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പരാതി സ്വീകരിച്ചതായി സന്ദേശം ലഭിക്കും. പരാതിയുടെ ഡോക്കറ്റ് നമ്പറും ലഭ്യമാക്കും. എന്നാല്‍ ഇത് പോലും കയ്യിലില്ല എന്നാണ് പ്രശാന്തൻ പറയുന്നത്. ഇപ്പോള്‍ പരാതി നല്‍കിയതിന് തെളിവായി പുറത്തു വന്നിട്ടുളളത് വെള്ളപേപ്പറില്‍ ഡിടിപി ചെയ്തെടുത്ത ഒരു രേഖ മാത്രമാണ്.
മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പ്രശാന്തന്റെ സാമ്പത്തിക ശ്രോതസിലും സംശയം ഉയരുന്നുണ്ട്. പെട്രോള്‍ പമ്പ് തുടങ്ങാന്‍ മാത്രമുള്ള സാമ്പത്തിക സ്ഥിതി പ്രശാന്തന് ഉണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്. എഡിഎം ഒരുലക്ഷം രൂപ കൈക്കൂലി ചോദിച്ചു എന്നും 98,500 രൂപ സംഘടിപ്പിച്ചു നല്‍കി എന്നുമാണ് പ്രശാന്തന്‍ പറയുന്നത്. അത്ര കഷ്ടപ്പാടുള്ള ആളാണോ ലക്ഷങ്ങൾ മുടക്കി ഭൂമി പാട്ടത്തിനെടുത്ത് പമ്പ് തുടങ്ങുന്നത്. ഇവിടെയാണ് ബിനാമി ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച ദിവ്യയുടെ ഭര്‍ത്താവിന്റേതാണ് പമ്പ് എന്നാണ് ആരോപണം. പ്രശാന്തന്റെ പേരിലാണ് പമ്പ് തുടങ്ങുന്നതെങ്കിലും ദിവ്യയുടെ ഭര്‍ത്താവും രണ്ട് സിപിഎം നേതാക്കളുമാണ് പിന്നിലുള്ളതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡൻ്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ഉദ്യോഗസ്ഥരെ മാത്രം ക്ഷണിച്ച് എഡിഎമ്മിനായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിക്കാതെ ചെന്നുകയറി ഉദ്യോഗസ്ഥനെ അപമാനിച്ച് ഇറങ്ങിപ്പോയതിന് പിന്നിലെ താല്പ്പര്യം വെറും പൊതുജന സേവനം അല്ലെന്ന് ഉറപ്പിച്ചാണ് കണ്ണൂരിലെ കോൺഗ്രസിൻ്റെ പ്രതിഷേധ പരിപാടികൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here