നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് വെറും പറച്ചില്‍ മാത്രം; സിപിഎം സംരക്ഷണം ദിവ്യക്ക്; ചോദ്യം ചെയ്യാതെ പോലീസ്
എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിപി ദിവ്യക്ക് ലഭിക്കുന്നത് അസാധാരണ സംരക്ഷണം. ആത്മഹത്യ നടന്ന് ആഴ്ച ഒന്നായിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ഇതുവരെ ഒരു നടപടിയിലേക്കും പോലീസ് കടക്കാത്തത് സിപിഎം നിര്‍ദ്ദേശപ്രകാരം തന്നെയാണ്.
നവീന്റെ മരണം സംബന്ധിച്ച് നടക്കുന്ന ഒരു അന്വേഷണവും ദിവ്യയിലേക്ക് എത്താത്ത രീതിയിലുള്ള സംരക്ഷണമാണ് സിപിഎം ഒരുക്കിയിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ജില്ലാകളക്ടറുടെ മൊഴി വരെ രേഖപ്പെടുത്തിയിട്ടും എഡിഎം ജീവനൊടുക്കാൻ ഇടയായ ആരോപണം ഉന്നയിച്ച ദിവ്യയുടെ മൊഴി രേഖപ്പെടുത്താതെ എന്ത് അന്വേഷണമാണ് നടക്കുന്നത് എന്നതില്‍ മറുപടിയില്ല.
പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. അതുവരെ ദിവ്യയെ തൊടരുതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇവിടെ ജാമ്യം ലഭിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കിട്ടുന്നില്ലെങ്കിൽ മേൽകോടതിയെ സമീപിക്കാനും അവസരമൊരുക്കും. പ്രതി ഒളിവിലാണ് എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി എല്ലാം അവസാനിപ്പിക്കാനാണ് സിപിഎം ശ്രമം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും നേതാക്കളും ഊഴം വച്ച് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി പറയുന്നത് പാര്‍ട്ടി ഒപ്പമുണ്ട് എന്നാണ്. എന്നാല്‍ അത് വെറും പറച്ചില്‍ മാത്രമായി മാറുകയാണ്. ഇതില്‍ നവീന്റെ കുടുംബത്തിന് കടുത്ത വേദനയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here