ഒടുവില്‍ ദിവ്യക്കെതിരെ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കി; ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ സിപിഎം നടപടി. പാര്‍ട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കി. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
അടിയന്തരമായി വിളിച്ചുചേര്‍ത്ത ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി എടുത്തത്. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ തുടരുകയാണ് ദിവ്യ. കേസെടുത്ത് ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്.
.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതിചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതിൽ വലിയ സമ്മർദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. ദിവ്യയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here