പെട്രോള്‍ പമ്പുടമയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തമ്മിലുളള ബന്ധമെന്ത്? എന്‍ഒസിക്കായി എന്തിന് ഇടപെട്ടു? ഈ ചോദ്യങ്ങള്‍ക്ക് ദിവ്യ മറുപടി പറയണം

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഡിഎമ്മിനെ നേരില്‍ വിളിച്ച് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിന് ഇടപെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ ഉത്തരം നല്‍കേണ്ട പ്രധാന ചോദ്യം ഇതാണ്. പൊതുപ്രവര്‍ത്തകര്‍ ഒരു സംരഭകന്റെ വിഷയത്തില്‍ ഇടപെട്ടു എന്ന് പറഞ്ഞ് ന്യായീകരിക്കാമെങ്കിലും, നിരന്തരം പമ്പുടമ സമീപിച്ചു എന്നും. പലവട്ടം എഡിഎമ്മിനെ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തി എന്നുമുള്ള ദിവ്യയുടെ തന്നെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. പമ്പുടമ പ്രശാന്തുമായുള്ള ബന്ധം ദിവ്യ തന്നെ വിശദീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

എന്‍ഒസി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും അതിനുള്ള തെളിവുണ്ടെന്നും ദിവ്യ ഉദ്യോഗസ്ഥന്റെ യാത്രയപ്പ് ചടങ്ങില്‍ വിളിക്കാതെ എത്തി വിളിച്ചു പറയുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്നതിനും ദിവ്യ തന്നെ മറുപടി പറയണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വിജിലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും പരാതി നല്‍കാതെ എന്‍ഒസി ലഭിച്ച ശേഷം അപമാനിക്കുക മാത്രമാണോ ദിവ്യ ഉദ്ദേശിച്ചതെന്നും ചോദ്യം ഉയരുന്നുണ്ട്.

മുഖ്യമന്ത്രിക്ക് പമ്പുടമ നല്‍കിയ ഒരു പരാതിയുടെ വിവരങ്ങള്‍ പുരത്തുവന്നിട്ടുണ്ട്. അതില്‍ എഡിഎം ഭിഷണിപ്പെടുത്തി, 98000 രൂപ ക്വാട്ടേഴ്‌സില്‍ എത്തിച്ചു നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത ദിവ്യയും പമ്പുടുമയുമാണ് വരുത്തേണ്ടത്. എന്നാല്‍ ഇന്നലത്തെ നാടകീയ പ്രതികരണത്തിന് ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാനോ ഒരു പ്രതികരണം നടത്താനോ ദിവ്യ തയാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top