ദിവ്യ കീഴടങ്ങി; അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പം

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോസ്ഥരുടെ മുന്നിലാണ് കീഴടങ്ങിയത്. ജാമ്യഹര്‍ജി തള്ളിയതോടെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം രാവിലെ യോഗം ചേര്‍ന്നിരുന്നു. ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ കോടതിക്ക് മുന്‍പാകെ ഹാജരാകും എന്ന സൂചനയാണ് ഉണ്ടായിരുന്നത്. എന്നാല്‍ സിപിഎം നേതൃത്വം നിര്‍ദേശിച്ചതോടെയാണ് പോലീസിനു മുന്നില്‍ കീഴടങ്ങിയത്. കണ്ണപുരത്ത് വച്ചാണ് കീഴടങ്ങിയത്.

മേല്‍ക്കോടതിയില്‍ തല്‍ക്കാലം ജാമ്യത്തിന് പോകേണ്ട എന്ന നിലപാടാണ് പ്രതിഭാഗത്തിന് ഉള്ളത്. വിധി തിരിച്ചടിയായാലുള്ള അതിലുള്ള അപകടം തിരിച്ചറിഞ്ഞാണ് ഈ നീക്കം. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുന്നതിനെക്കാള്‍ നല്ലത് കോടതിയില്‍ കീഴടങ്ങുകയാകും നല്ലത് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന് അനുസരിച്ചാകും ദിവ്യയുടെ നീക്കം.

ദിവ്യയുടെ ജാമ്യം തള്ളിയ തലശ്ശേരി സെഷന്‍സ് കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വന്‍ പ്രതികരിച്ചിരുന്നു. വിധി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നു വിശ്വന്‍ പറഞ്ഞു. “ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ കോടതി മുന്‍പാകെ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കും എന്ന നിലപാടാണ് ആദ്യം തന്നെ ഹര്‍ജിക്കാരി എടുത്തത്. ദിവ്യയെ ഇടിച്ചുകയറി അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. അവര്‍ ഒരു സ്ത്രീയാണ്. പാര്‍ട്ടിയാണോ തന്നെ കേസ് ഏല്‍പ്പിച്ചതെന്ന് വേണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. ഈ വിധി കേസിന്റെ അവസാനമല്ല.” – വിശ്വന്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് ജാമ്യം നിഷേധിച്ച വിധിയില്‍ പ്രതികരണവുമായി നവീന്‍ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയയുദ്ധമല്ല ഞങ്ങള്‍ നടത്തിയത്. നിയമയുദ്ധം മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. സിപിഎമ്മിനോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല- നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. “ഞങ്ങളുടെ ജീവിതം തകര്‍ത്ത പ്രതിയെ അറസ്റ്റ് ചെയ്യണം. കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കണം. യോഗത്തില്‍ കലക്ടര്‍ ഇടപെടേണ്ടിയിരുന്നു. അദ്ദേഹമായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍.” – മഞ്ജുഷ പറഞ്ഞു.

എഡിഎമ്മിന്‍റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി.ദിവ്യക്ക് മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചാണ് വിധി വന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യഹര്‍ജി തള്ളി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദത്തിനു ശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. പ്രോസിക്യൂഷന് പുറമേ നവീന്‍ ബാബുവിന്റെ കുടുംബം കൂടി കക്ഷി ചേര്‍ന്നിരുന്നു. മൂന്ന് വാദവും കേട്ട ശേഷമാണ് വിധി പറയാന്‍ മാറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top