മാരാര്‍, രാമന്‍പിള്ള, മുകുന്ദന്‍, രാജഗോപാല്‍; നാല്‍വര്‍ സംഘത്തിലെ പ്രധാനി; കയ്യില്‍ വെച്ചത് ബിജെപിയുടെ രാഷ്ട്രീയ കടിഞ്ഞാണ്‍; പി.പി.മുകുന്ദന്‍ വിട പറയുമ്പോള്‍…

തിരുവനന്തപുരം: കേരളത്തിലെ ബിജെപി-ആര്‍എസ്എസ് പ്രസ്ഥാനങ്ങള്‍ക്ക് അപരിഹാര്യമായ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് പി.പി.മുകുന്ദന്‍ എന്ന ബിജെപിയിലെ അതികായന്‍ വിടവാങ്ങുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നും ഇന്ന് മുകുന്ദന്‍ വിടപറയുമ്പോള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഒരു യുഗമാണ് നിശബ്ദമായി വിടവാങ്ങുന്നത്. കേരളത്തില്‍ ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിടുന്നതില്‍ ഏറ്റവും പ്രധാന പങ്ക് പി.പി.മുകുന്ദന്‍റെതായിരുന്നു. പാര്‍ലമെന്ററി രംഗത്ത് ഒരു ശക്തിയാകാന്‍ ബിജെപിയ്ക്ക് കേരളത്തില്‍ സാധിച്ചിട്ടില്ലെങ്കിലും വളര്‍ന്നു പന്തലിച്ച ഒരു പ്രസ്ഥാനമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മാറുന്നത് കാണാനും ബിജെപി രണ്ടു തവണ കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുന്നതിനു സാക്ഷിയാകാനും മുകുന്ദന് സാധിച്ചു. അതിന്റെ സാഫല്യത്തില്‍ തന്നെയാകും അദ്ദേഹത്തിന്റെ കണ്ണുകള്‍ അടഞ്ഞിട്ടുമുണ്ടാകുക.

കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള, പി.പി.മുകുന്ദന്‍, ഒ.രാജഗോപാല്‍. കേരളത്തിലെ എക്കാലത്തെയും നാല് നേതാക്കള്‍. ഇവരില്‍ നിന്നാണ് രണ്ടാമനായി മുകുന്ദന്‍ അരങ്ങോഴിയുന്നത്. കെ.ജി.മാരാറാണ് ആദ്യം വിടപറഞ്ഞത്. ഇപ്പോള്‍ മുകുന്ദനും മടങ്ങിയപ്പോള്‍ ബാക്കിയാകുന്നത് രാജഗോപാലും രാമന്‍ പിള്ളയും മാത്രമാണ്. മുകുന്ദനെപ്പോലുള്ള ഒരു സംഘടകനെ കേരളം കണ്ടിട്ടില്ല. അത്രയധികം സംഘാടക മികവാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഈ മികവ് തന്നെയാണ് കേരളത്തില്‍ സംഘപരിവാറിനെ ഒരു ശക്തിയാക്കി മാറ്റാന്‍ തുണയായതും. നരേന്ദ്രമോദിയെ രാഷ്ട്രീയ രംഗത്തേക്ക് ആര്‍എസ്എസ് നിയോഗിക്കുന്ന ഏതാണ്ട് അതേ സമയം തന്നെയാണ് മുകുന്ദനെയും ആര്‍എസ്എസ് സംഘടനാ രംഗത്തേക്ക് നിയോഗിക്കുന്നത്.

മോദിയുമായും മുരളി മനോഹര്‍ ജോഷിയെപ്പോലുള്ള കേന്ദ്ര നേതാക്കളുമായും ഉറ്റബന്ധം നിലനിര്‍ത്താനും അവസാന സമയം വരെ മുകുന്ദന് കഴിഞ്ഞു. ഒന്നര പതിറ്റാണ്ട് കാലത്തോളം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി ബിജെപിയുടെ രാഷ്ട്രീയ ഭാഗധേയം അദ്ദേഹം നിര്‍ണ്ണയിച്ചു. ആ കരങ്ങളില്‍ ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാവിയും സുരക്ഷിതമായിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് ബിജെപിയ്ക്കുള്ള ശക്തിയ്ക്കും വളര്‍ച്ചയ്ക്കും പിന്നില്‍ പി.പി.മുകുന്ദനായിരുന്നു. കേരളത്തിലെ ഹിന്ദു മുന്നണിയ്ക്ക് പിന്നിലും മുകുന്ദനായിരുന്നു. ഹിന്ദു മുന്നണിയിലൂടെ ഹിന്ദു വിഭാഗങ്ങളെ ഒരുമിപ്പിച്ച ശേഷം ബിജെപിയില്‍ ലയിപ്പിക്കുകയാണ് മുകുന്ദന്‍ ചെയ്തത്. ഇത് കേരളത്തിലെ ബിജെപി വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്ക് നല്‍കി. കേരള രാഷ്ട്രീയത്തിലെ കോലിബി സഖ്യത്തിന് പിന്നിലും പി.പി. മുകുന്ദന്റെ രാഷ്ട്രീയ ബുദ്ധിയായിരുന്നു.

മാലിന്യം തള്ളാനുള്ള ഒരു സ്ഥലം മാത്രമായിരുന്നു തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനം. ഹിന്ദു മുന്നണി സമാഗമത്തിന് വേണ്ടി പി.പി.മുകുന്ദനാണ് പുത്തരിക്കണ്ടം മൈതാനത്തെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റിയത്. ആര്‍എസ്എസിന്റെ വളന്റിയര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ആഴ്ചകളുടെ പ്രയത്നം കൊണ്ട് ഗ്രൗണ്ട് ഒരുക്കിയാണ് ഹിന്ദു മുന്നണി യോഗം നടത്തിയത്. അതോടെ പുത്തരിക്കണ്ടം മൈതാനത്തിനും ശാപമോക്ഷം ലഭിച്ചു.

വളരെക്കാലം അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ അമരത്ത് തുടര്‍ന്നു. പത്രത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകപങ്കും മുകുന്ദന്‍റെ വകയായിരുന്നു. ആരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള അദ്ദേഹത്തിന്റെ സ്വതസിദ്ധമായ മികവാണ് സംഘടനയുടെ വളര്‍ച്ചയിലും പ്രധാനമാണ്. അടിയന്തരാവസ്ഥക്കാലത്ത് തൃശ്ശൂരിൽ ജില്ലാ പ്രചാരകനായിരുന്നു അദ്ദേഹം. ഈ കാലയളവിൽ 19 മാസത്തോളം ജയിൽവാസം അനുഷ്ടിച്ചു.

ബിജെപിയില്‍ അദ്ദേഹം വളര്‍ത്തിയ നേതാക്കള്‍ തന്നെയാണ് ബിജെപിയെ പിന്നീട് നിയന്ത്രിച്ചതും അദ്ദേഹത്തിന്നെതിരായി തിരിയുകയും ചെയ്തത്. ആര്‍എസ്എസ് പ്രചാരക പദവി അദ്ദേഹം ഒഴിഞ്ഞപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് കേരള ബിജെപിയുടെ സംഘടന ജനറല്‍ സെക്രട്ടറി പദവിയും ഒഴിയേണ്ടി വന്നു. ഇടക്കാലത്ത് ബിജെപിയുമായി അകന്നെങ്കിലും അദ്ദേഹം പാര്‍ട്ടി വിട്ടില്ല. പരിവാര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെ തുടരുക തന്നെയാണ് ചെയ്തത്. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് തന്നെ തിരികെ വരുകയും ചെയ്തു. അപ്പോഴും ബിജെപി മുഖ്യധാരയിലേക്ക് വരാന്‍ അദ്ദേഹം സ്വയം ഒരു നീക്കവും നടത്തിയില്ല. മുതിര്‍ന്ന നേതാവ് എന്ന പദവിയില്‍ തുടരുക മാത്രമാണ് ചെയ്തത്.

രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി മുകുന്ദന്‍ ഒരിക്കലും കണ്ടില്ല. രാഷ്ട്രീയ പ്രതിയോഗികളായി അവരെ കാണുമ്പോഴും എപ്പോഴെങ്കിലും സംഘപരിവാര്‍ പാളയത്തിലെത്തിക്കാന്‍ തനിക്ക് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു. ഈ പാഠമാണ് തനിക്കൊപ്പമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയത്. കെ.കരുണാകരന്‍ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തോട് ഊഷ്മളമായ അടുപ്പം വെച്ച് പുലര്‍ത്താന്‍ കഴിഞ്ഞതും ഇതേ സമീപനം മനസ്സില്‍ സൂക്ഷിച്ചത് കാരണമാണ്. ഇ.കെ. നായനാർ, എ.കെ. ആന്റണി, വയലാർ രവി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായും ഏറെ ആത്മബന്ധം മുകുന്ദൻ പുലര്‍ത്തിയിരുന്നു.

കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സംഘപരിവാര്‍ പാളയത്തെ നയിച്ചത് പി.പി.മുകുന്ദനായിരുന്നു. ഒരു കൊലപാതകത്തിന് പകരം മറ്റൊരു കൊലപാതകം നടക്കുമ്പോള്‍ ഈ കൊലപാതകങ്ങളെ അപലപിക്കുമ്പോള്‍ തന്നെ അണികളുടെ ഭാഗത്ത് നിന്നും വരുന്ന വൈകാരിക പ്രതികരണങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പലപ്പോഴും കഴിയില്ലെന്ന് തന്നെയാണ് അദ്ദേഹം കേരളത്തിന് മുന്‍പാകെ പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം വിടപറയുന്ന അവസരത്തില്‍ കണ്ണൂരും ശാന്തമാകുന്ന കാഴ്ച അദ്ദേഹത്തിന് കാണാനും കഴിഞ്ഞു.

കേരളത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായ നാല്‍വര്‍ സംഘത്തില്‍ ഒ.രാജഗോപാലുമായി വന്ന സ്വരച്ചേര്‍ച്ചയില്ലായ്മയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടിയായത്. മുകുന്ദനില്‍ അധോലോക ബന്ധം ആരോപിച്ച് രാജഗോപാല്‍ പരസ്യമായി രംഗത്ത് വന്നത് മുകുന്ദന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. സ്വന്തം പാളയത്തില്‍ നിന്നുള്ള പട തന്നെയാണ് വി ഘാതമായത്. ബിജെപിയില്‍ അകന്ന ശേഷം വീണ്ടും തിരിച്ച് വന്നപ്പോള്‍ തണുത്ത സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ നിര്‍ണ്ണായക പ്രതികരണങ്ങള്‍ നടത്തി തുടരുകയായിരുന്നു. അതിന്നിടെ അസുഖബാധിതനുമായി.

ആദ്യം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ എയിംസിലും അദ്ദേഹം ചികിത്സയില്‍ തുടര്‍ന്നു. ഇതിന്നിടയില്‍ രോഗം വര്‍ദ്ധിക്കുകയും അദ്ദേഹം വിടവാങ്ങുകയും ചെയ്തു. ഏറെക്കാലമായി കേരള ബിജെപിയില്‍ ഒരു നേതൃശൂന്യതയുണ്ട്. ഇതിന്നിടയിലാണ് മുകുന്ദനെപ്പോലെ അതികായനായ ഒരു നേതാവും വേര്‍പിരിയുന്നത്. മുകുന്ദന്റെ വേര്‍പ്പാട് ബിജെപിയിലെ ഈ നേതൃശൂന്യതയുടെ ആഴം തന്നെയാണ് വര്‍ദ്ധിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top