കെയ്‌സണ്‍ മുഖ്യമന്ത്രിയുടെ മീഡിയ സിന്‍ഡിക്കറ്റോ? സിപിഎമ്മിലും ഇടതുമുന്നണിയിലും അതൃപ്തി പുകയുന്നു; ജാഗ്രതയോടെ സിപിഐ കാത്തിരിക്കുന്നു

പിണറായി വിജയന്റെ ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ‘അവതാര വാഴ്ച’ നടക്കുന്നുവെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. കെയ്‌സണ്‍ സര്‍ക്കാരിന്റെ പിആര്‍ ഏജന്‍സിയല്ല, കെയ്‌സനുമായി ഒരു ബന്ധവുമില്ല എന്നിങ്ങനെ പല വാദങ്ങളും മുഖ്യമന്ത്രി പറഞ്ഞതിലൂടെ, സ്വകാര്യമായി മുഖം മിനുക്കാന്‍ ഏര്‍പ്പാടാക്കിയ ‘അവതാര’ സൃഷ്ടിയാണ് കെയ്‌സനെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ്. കേരള ഹൗസില്‍ ഇന്റര്‍വ്യൂ നടക്കുന്നതിനിടെ കയറി വരുകയായിരുന്നു കെയ്‌സന്‍ സിഎംഡി ഹാന്‍ദെയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് വ്യക്തമായിട്ടുണ്ട്. ഹാന്‍ദെയും അഭിമുഖത്തിന് കളമൊരുക്കിയെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന സുബ്രഹ്‌മണ്യനും ഹിന്ദുലേഖികയും ഒരുമിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഇത് പൂര്‍ത്തിയായ ശേഷമാണ് അത്യന്തം ഗുരുതരമായ മലപ്പുറത്തെ സ്വര്‍ണ, ഹവാല കടത്തുമായി ബന്ധപ്പെടുത്തുന്ന വംശീയ പരാമര്‍ശം, മലപ്പുറം കള്ളക്കടക്ക് കണക്കുകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി പിആര്‍ ഏജന്‍സിക്കാര്‍ ഹിന്ദുവിന് നല്‍കിയത്.

ALSO READ: ‘ഹിന്ദു’ അഭിമുഖത്തിലെ വിവാദഭാഗം പിആർ കമ്പനിക്ക് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; കൈകഴുകി കെയ്സൻ; രണ്ടുപേർക്കെതിരെ നടപടിക്ക് സാധ്യത

കഴിഞ്ഞ മാസം 29നാണ് ദില്ലി കേരള ഹൗസില്‍ വെച്ച് ഈ വിവാദ അഭിമുഖം നടത്തുന്നത്. അതിന് 8 ദിവസം മുമ്പ് ഇതേ കണ്ടന്റ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. അതിനും 9 ദിവസം മുമ്പ് പിണറായിക്ക് വേണ്ടി അതിവിപുലമായ ഒരു മാധ്യമ ഓപ്പറേഷന്‍ ദില്ലിയില്‍ നടന്നിരുന്നു. പിണറായിയെ അട്ടിമറിക്കാന്‍ യുഎഇ കേന്ദ്രമാക്കിയ ചിലരും സ്വര്‍ണ- ഹലാല കടത്തുകാരും ശ്രമിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടക്കം ഉദ്ധരിച്ച് ഇംഗ്ലീഷില്‍ തയാറാക്കിയ കുറിപ്പ് ദേശീയ മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍, വാട്‌സ്ആപ്പ് മുഖാന്തിരം പിആര്‍ ഏജന്‍സി ലഭ്യമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പേരാണത്രെ ഈ റിലീസ് തയാറാക്കി പിആര്‍ ഏജന്‍സിക്ക് നല്‍കിയത്. സര്‍ക്കാര്‍ ഒരു പൈസയും ഒരു പിആര്‍ കമ്പനിക്കും നല്‍കുന്നില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ, സ്വകാര്യമായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സേവനത്തിന് പ്രത്യുപകാരമോ ആയി ‘അറേഞ്ച്ഡ്’ പേയ്‌മെന്റാകും കെയ്‌സന് എന്ന് വ്യക്തമാണ്. ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസിനും രണ്ടാഴ്ച മുമ്പ് കെയ്‌സന്‍ മുഖേനയാണ് അഭിമുഖം നല്‍കപ്പെട്ടതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

ALSO READ: മകൻ പ്രചരിപ്പിച്ച ‘മലപ്പുറം ഡേറ്റ’ അച്ഛൻ ഫെയ്സ്ബുക്കിലിട്ടു; വിവാദത്തോടെ പോസ്റ്റുമുക്കി ദേവകുമാർ; മുഖ്യമന്ത്രിക്കായുള്ള മുൻ എംഎൽഎയുടെ ഇടപെടൽ തിരിച്ചടിക്കുമ്പോൾ

ഇതിലൂടെ വ്യക്തമാക്കപ്പെടുന്ന വസ്തുത, തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ നടത്തിയ നീക്കത്തിനെതിരെ മുഖ്യമന്ത്രി സ്വയമോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അറിവോടെയോ അറിവില്ലാതെയോ അടുപ്പക്കാരോ സൃഷ്ടിച്ചെടുത്ത നരേറ്റീവാണ് മാധ്യമ ഇടപെടലിലൂടെ പൊളിഞ്ഞു പോയത് എന്നാണ്. കേരളീയ പൊതു സമൂഹത്തിന് മുന്നില്‍ പിണറായി പൂര്‍ണമായി നിഷ്പ്രഭനായിപ്പോയ ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നലത്തേത്. എഡിജിപി അജിത് കുമാറിനെ മാറ്റാമെന്നും സ്വീകാര്യമായ നിലയില്‍ തന്റെ ഓഫീസിനെ പുന:ക്രമീകരിക്കാമെന്നും എന്നാല്‍ ഈ നടപടികളുടെ ക്രെഡിറ്റ് പിവി അന്‍വറിന് കിട്ടാതിരിക്കാനുള്ള ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍ദേശിച്ചെന്ന് ബിനോയ് വിശ്വം ഇന്നലെ നടന്ന സിപിഐ യോഗത്തില്‍ വിശദീകരിച്ചിരുന്നു. അന്‍വര്‍ സിപിഐയോട് മുന്‍കാലത്ത് കാണിച്ച നെറികേടുകള്‍ ബിനോയ് വിശ്വവും സഖാക്കളെ ഓര്‍മിപ്പിച്ചു. മുന്നണി മര്യാദയുടെ ഭാഗമായാണ് തൃശൂര്‍ പൂരം സംബന്ധിച്ച സിപിഐ നിലപാട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ശരിവെച്ചതും ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എന്നത് സിപിഐക്ക് ആശ്വാസമായിട്ടുണ്ട്.

ALSO READ: ‘ഏതോ ഏജന്‍സിയുമായി ബന്ധപ്പെട്ടയാള്‍ മുറിയില്‍ വന്നിരുന്നു, എനക്കയാളെ അറിയില്ല’; പിആര്‍ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി ഇങ്ങനെ!!

ഇടതു മുന്നണിയിലാകെയും സിപിഎമ്മില്‍ പോലും മുഖ്യമന്ത്രിക്കെതിരെ അതൃപ്തി വര്‍ധിപ്പിക്കാന്‍ ഇന്നലത്തെ വാര്‍ത്താസമ്മേളനം കാരണമായിട്ടുണ്ട്. നിയമസഭ തുടങ്ങുന്നതിനാല്‍ സിപിഐയെ എതിര്‍പക്ഷത്ത് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ഇപ്രകാരത്തില്‍ സിപിഐയെ ഒതുക്കിയ ശേഷമാണ് തന്റെ ഒപ്പം നില്‍ക്കുന്ന ‘മീഡിയ സിന്‍ഡിക്കറ്റിനെ’ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍ പതിവിന് വിപരീതമായി ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ വിടാതെ നിന്നതോടെ, മുഖ്യമന്ത്രിക്ക് പിന്നിലെ മാധ്യമ സിന്‍ഡിക്കറ്റിന്റെയും അവതാരങ്ങളുടെയും ആഴവും പരപ്പും കേരള സമൂഹത്തിന് മുന്നില്‍ മറനീക്കപ്പെട്ടു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തുടര്‍നീക്കങ്ങള്‍ അതുകൊണ്ട് തന്നെ പിണറായിക്ക് നിര്‍ണായകമാവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top