മകൻ പ്രചരിപ്പിച്ച ‘മലപ്പുറം ഡേറ്റ’ അച്ഛൻ ഫെയ്സ്ബുക്കിലിട്ടു; വിവാദത്തോടെ പോസ്റ്റുമുക്കി ദേവകുമാർ; മുഖ്യമന്ത്രിക്കായുള്ള മുൻ എംഎൽഎയുടെ ഇടപെടൽ തിരിച്ചടിക്കുമ്പോൾ
മുഖ്യമന്ത്രി പിണറായി വിജയനെ താഴെയിറക്കാന്‍ സ്വര്‍ണക്കടത്ത് മാഫിയ ശ്രമിക്കുന്നുവെന്ന ഭാഷ്യം ഡൽഹിയിൽ പ്രചരിക്കാൻ തുടങ്ങുന്നത് കഴിഞ്ഞ മാസം പകുതിയോടെയാണ്. ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് രൂപത്തിൽ പല മാധ്യമ പ്രവർത്തകർക്കും ഇമെയിലായും വാട്സാപ്പിലും കിട്ടിയ ചില സന്ദേശങ്ങളിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത് മലപ്പുറത്തെ സ്വർണ-ഹവാല കേസുകളുടെ കണക്കായിരുന്നു. സെപ്തംബർ 21ലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലുടെയും പിന്നീട് ‘ദ ഹിന്ദു’ അഭിമുഖത്തിലൂടെയും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച അതേ കണക്കുകൾ. ഇതിലെ കള്ളക്കടത്തിൻ്റെ കണക്ക് മാത്രമെടുത്ത് ഏതാനും ചില ഇംഗ്ലീഷ് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മറ്റ് പലരും അവഗണിച്ചു. മലയാളത്തിൽ മാതൃഭൂമി പത്രവും ഇക്കഴിഞ്ഞ 18ന് ഇത് തിരുവനന്തപുരത്ത് നിന്ന് വാർത്തയാക്കി.
ഈ വാർത്തകളുടെയെല്ലാം ലിങ്കും സ്ക്രീൻഷോട്ടും സഹിതമാണ് ഹരിപ്പാട് മുൻ എംഎൽഎ ടി.കെ.ദേവകുമാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒപ്പം കുറിച്ച വാചകങ്ങളാണ് ശ്രദ്ധേയം. “വരും… കേരളം പിണറായിയോടൊപ്പം തന്നെ! തെളിവ് ആവശ്യപ്പെടുന്നവര്‍ക്കായി താഴെ സമര്‍പ്പിക്കുന്നു. ഹവാല കോടികളും, കള്ളക്കടത്ത് സ്വര്‍ണവും രാഷ്ട്ര പുനര്‍നിര്‍മാണത്തിനാണോ ഉപയോഗിക്കുന്നത്? മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്” എന്ന് ചോദിച്ചായിരുന്നു ദേവകുമാറിൻ്റെ പോസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിച്ച ഇക്കണോമിക്സ് ടൈംസ്, എഎന്‍ഐ, റിപ്പബ്ലിക് വേള്‍ഡ്.കോം എന്നിവയുടെ ലിങ്കുകൾ അടക്കം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ലിങ്കാണ് മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖം വിവാദമായതോടെ ദേവകുമാര്‍ ഡിലീറ്റ് ചെയ്തത്.
ഈ ‘മലപ്പുറം കണക്കുകൾ’ മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ പത്രത്തിൻ്റെ അഭിമുഖത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാൻ വഴിയൊരുക്കിയത് ഇതേ ദേവകുമാറിൻ്റെ മകൻ ടി.ഡി.സുബ്രഹ്മണ്യൻ ആണെന്നത് യാദൃഛികമായി ഇനി കണക്കാക്കാനാകില്ല. അഭിമുഖത്തിന് ഇടനില നിന്ന ആളെന്ന് പരിചയപ്പെടുത്തി മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പേരെടുത്ത് പറഞ്ഞതും ഇതേ സുബ്രഹ്മണ്യനെക്കുറിച്ച് ആണ്. “അഭിമുഖം നടത്താൻ ദ ഹിന്ദു പത്രത്തിന് തൽപര്യമുണ്ടെന്ന് അറിയിച്ച് സമീപിച്ചത് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ചെറുപ്പം മുതല്‍ അറിയാവുന്ന ആളായതു കൊണ്ടും അയാളുടെ രാഷ്ട്രീയ നിലപാട് അറിയാവുന്നതു കൊണ്ടും സമ്മതിച്ചു”, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിൻ്റെ നേരമെല്ലാം ഇയാളടക്കം രണ്ടുപേർ ഒപ്പമുണ്ടായിരുന്നു, ശേഷം മലപ്പുറം കേസുകളുടെ കണക്ക് നൽകി അവ ഉൾപ്പെടുത്താൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ഹിന്ദു വിശദീകരിച്ചത്.
ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ മലപ്പുറത്തെ ലക്ഷ്യംവച്ചുള്ള കള്ളക്കടത്ത് കണക്കുകൾ കഴിഞ്ഞ മാസം മുതൽ ഡൽഹിയിൽ മാധ്യമങ്ങൾക്കിടയിൽ പ്രചരിപ്പിച്ചത് ഇതേ സംഘമാണെന്ന് ന്യായമായും വ്യക്തമാകും. ഇതേയാളാണ് തൻ്റെ ഹിന്ദു അഭിമുഖത്തിനും കളമൊരുക്കിയതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്പോൾ കൂടുതൽ വ്യാഖ്യാനങ്ങളില്ലാതെ തന്നെ വിവാദങ്ങളുടെ ഉറവിടത്തെക്കുറിച്ച് വ്യക്തതയുണ്ടാകും. തൻ്റെ മകൻ്റെയും സംഘത്തിൻ്റെയും ഈ ഓപ്പറേഷനുകളിലൂടെ പുറത്തുവന്ന വാർത്തകൾ ഫെയ്സ്ബുക്കിലിട്ട് പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് സിപിഎം മുൻ എംഎൽഎ നിർവഹിച്ചത്. വിവാദം ഉണ്ടായതിന് പിന്നാലെ പോസ്റ്റ് മുക്കുക കൂടി ചെയ്തതോടെ ഉദ്ദേശ്യശുദ്ധിയും വ്യക്തമാകുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
“ഹവാല കോടികളും കള്ളക്കടത്തുനടത്തി എത്തിക്കുന്ന സ്വർണവും രാഷ്ട്രപുനർനിർമാണത്തിനാണോ ഉപയോഗിക്കുന്നത്? അതിനെ എതിർക്കുന്ന മുഖ്യമന്ത്രിയെ ക്രൂശിക്കാൻ ശ്രമിക്കുന്നവർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടംമറിക്കാൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരും..
അതിലിപ്പോ ഘോര ഘോരം പ്രസംഗിക്കുന്ന കോൺഗ്രസ്സ്- ലീഗ് നേതാക്കളുടെ തനിനിറം കേരളത്തിലെ ജനങ്ങൾക്ക് നല്ലോണം മനസിലാകും.. 150 കിലോ സ്വർണം കടത്തുകാരിൽ നിന്ന് പിടിച്ച പോലീസിനെ തന്നെ കുറ്റകരക്കാൻ ശ്രമിക്കുന്ന അൻവറിൻ്റെ രാഷ്ട്രീയലക്ഷ്യങ്ങൾ മനസിലാവാത്തവർ അല്ല സഖാക്കളും കേരളത്തിലെ ജനങ്ങളും… ” -ഇതാണ് ദേവകുമാര്‍ കുറിച്ചത്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് പറഞ്ഞാണ് ഡൽഹി വാര്‍ത്താക്കുറിപ്പ് തുടങ്ങുന്നത്. കേരളത്തിലും വിദേശത്തും പ്രത്യേകിച്ച് യുഎഇയിലും ശൃംഖലകളുള്ള മാഫിയകള്‍ സര്‍ക്കാര്‍വിരുദ്ധ ശക്തികള്‍ക്കുവേണ്ടി പണമിറക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു. “മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും കളങ്കപ്പെടുത്തുകയും അതുവഴി നേതൃമാറ്റവുമാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ മാഫിയകള്‍ ഫണ്ടു നല്‍കുന്ന സമൂഹമാധ്യമ പ്രചാരണങ്ങള്‍ മുഖ്യമന്ത്രിക്കെതിരേ നടക്കുന്നുണ്ട്.” – എന്നിങ്ങനെ അതീവ ഗുരുതര പരാമർശങ്ങളും ഇതേ വാർത്താക്കുറിപ്പിൽ ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here