ബ്ലാസ്റ്റേഴ്സ് ഗോള്‍ക്കീപ്പറെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍; ഗില്ലിന് ഇനി പൊന്നുംവില
കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന പ്രഭ്‌സുഖന്‍ ഗില്ലിനെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നര കോടി രൂപ വാര്‍ഷിക പ്രതിഫലത്തിലാണ് ഗില്ലുമായി ഈസ്റ്റ് ബംഗാള്‍ കരാറിലെത്തിയത്. ഇരു ടീമുകളും തമ്മിലെ കരാർ പൂർത്തിയായതോടെെ ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ ഗോള്‍ കീപ്പറെന്ന നേട്ടവും 22 കാരനായ ഗില്ലിന് സ്വന്തമായി.
താരത്തെ നിലനിർത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയെങ്കിലും ഒടുവില്‍ 1.2 കോടി രൂപ ട്രാന്‍സ്ഫര്‍ തുകയായി നല്‍കി ഗില്ലിനെ ഈസ്റ്റ് ബംഗാള്‍ ക്ലബിലെത്തിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് ഗില്ലുമായി ഈസ്റ്റ് ബംഗാള്‍ കരാറിലെത്തിയത്. ഇത് പരസ്പര ധാരണയില്‍ രണ്ട് വര്‍ഷം കൂടി നീട്ടാം.
2021ലെ സീസണില്‍ ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് ഗില്‍ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായത്. ഇരുപതാം വയസില്‍ 2021-2022 ഐഎസ്‌എല്‍ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയ ഗില്‍ ഐഎസ്എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ കീപ്പറുമായി.
കഴിഞ്ഞ സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ 19 മത്സരങ്ങള്‍ കളിച്ച പ്രഭ്‌സുഖന്‍ ഗില്‍, ഗോള്‍ വഴങ്ങാതെ നാലു ക്ലീന്‍ ഷീറ്റുകളും സ്വന്തമാക്കി. ഗില്ലിന്റെ സഹോദരനും പ്രതിരോധ താരവുമായ ഗുര്‍സിമ്രത് ഗില്ലും ഈസ്റ്റ് ബംഗാളുമായി രണ്ട് വര്‍ഷ കരാര്‍ ഒപ്പിട്ടുണ്ട്. നേരത്തെ, സഹോദരൻ ഗുർസിമ്രത് സിംഗ് ഗില്ലിനൊപ്പം കൊൽക്കത്ത ക്ലബ്ബിലേക്ക് പ്രഭ്‌സുഖന്‍ ഗില്‍ പോയേക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here