ജനം ടിവിയിൽ മാറ്റങ്ങൾ; തിരഞ്ഞെടുപ്പിന് മുൻപ് എഡിറ്റോറിയൽ ശക്തിപ്പെടുത്താൻ ശ്രമങ്ങൾ; ചീഫ് എഡിറ്ററായി പ്രദീപ് പിള്ള എത്തുന്നു; സിനിമാ നിർമ്മാതാവ് ജി.സുരേഷ് കുമാർ എത്തിയത് അടുത്തയിടെ

തിരുവനന്തപുരം: ജനം ടിവിയുടെ ചീഫ് എഡിറ്ററായി മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രദീപ് പിള്ള എത്തും. തമിഴ്-തെലുങ്ക് ചാനലുകള്‍ തുടങ്ങാന്‍ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രദീപ് പിള്ളയെ ചീഫ് എഡിറ്ററാക്കുന്നത്. ചാനല്‍ എംഡിയുടെ ഉപദേശകനായി ജികെ സുരേഷ് ബാബു ജനം ടിവിയില്‍ ഈയിടെ ചുമതലയേറ്റിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗമായി സിനിമാ നിര്‍മ്മാതാവായ സുരേഷ് കുമാറും എത്തി. ഇതിന് പിന്നാലെയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പ്രദീപ് പിള്ള ജനം ടിവിയുടെ എഡിറ്റോറിയല്‍ അമരക്കാരനാകുന്നത്.

മനോരമയിലൂടെ മാധ്യമ പ്രവര്‍ത്തനത്തില്‍ സജീവമായ പ്രദീപ് പിള്ള ടൈംസ് നൗ അടക്കമുള്ള ഇംഗ്ലീഷ് ചാനലുകളിലും പ്രവര്‍ത്തിച്ചു. ന്യൂസ് 18 കേരളയുടെ തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്നാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയിലേക്ക് പ്രദീപ് പിള്ള എത്തുന്നത്. മുമ്പും ജനം ടിവിയുടെ തലപ്പത്തേക്ക് പ്രദീപ് പിള്ള എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. ഏറെ നാളായി ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ജികെ സുരേഷ് ബാബുവായിരുന്നു മുമ്പ് ചീഫ് എഡിറ്റര്‍. ഒന്നരക്കൊല്ലം മുമ്പ് ജികെ സുരേഷ് ബാബുവിന് ചാനല്‍ വിരമിക്കല്‍ നല്‍കി. അതിന് ശേഷം ആരേയും ചീഫ് എഡിറ്ററായി നിമയിച്ചില്ല.

രണ്ടു മാസം മുമ്പ് ജികെ സുരേഷ് ബാബുവിനെ മാനേജിംഗ് ഡയറക്ടറുടെ ഉപദേശകനായി തിരികെ കൊണ്ടുവന്നു. ഇതിന് പിന്നാലെ മാനേജ്‌മെന്റിലേക്ക് സിനിമാ നിര്‍മ്മാതാവ് കൂടിയായ ജി സുരേഷ് കുമാറും എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചാനലിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ മാറ്റങ്ങള്‍. സിനിമാ നിര്‍മ്മാതാവ് കൂടിയായ ചെങ്കല്‍ രാജശേഖരന്‍ നായരാണ് ചാനലിന്റെ എംഡി. നടി രാധയുടെ ഭർത്താവായ രാജശേഖരന്‍ നായര്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു.

ശബരിമല പ്രക്ഷോഭകാലത്ത് ചാനൽ റേറ്റിംഗില്‍ ജനം ടിവി വൻ കുതിപ്പുണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് പിന്നില്‍ രണ്ടാമത് പോലും എത്തി. പിന്നീട് റേറ്റിംഗ് കുറഞ്ഞു. രണ്ടാഴ്ചയായി ഇതില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പുതിയ മാറ്റങ്ങള്‍. എഡിറ്റോറിയലിന് പുതിയ മുഖം നല്‍കുകയാണ് പ്രദീപ് പിള്ളയെ എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ചീഫ് എഡിറ്ററായി ഇന്ന് പ്രദീപ് പിള്ള ചുമതലയേല്‍ക്കും. ചാനലില്‍ പൂര്‍ണ്ണാധികാരം നല്‍കിയാണ് പ്രദീപ് പിള്ളയെ എത്തിക്കുന്നത്.

ആർഎസ്എസ് നേതൃത്വവും സിനിമാ മേഖലയിലെ ചിലരും നടത്തിയ നീക്കത്തിനൊടുവിലാണ് പ്രദീപ് പിള്ള ജനത്തിലേക്ക് എത്തുന്നത്. ന്യൂസ് 18 കേരളയില്‍ നിന്നും ആരോഗ്യകാരണങ്ങളാല്‍ കുറച്ചുകാലമായി വിട്ടുനില്‍ക്കുകയായിരുന്നു പ്രദീപ് പിള്ള. അംബാനിയുടെ നിയന്ത്രണത്തിലുള്ള മലയാളം ചാനലാണ് ന്യൂസ് 18 കേരള. പ്രദീപ് പിള്ള ജനത്തിലേക്ക് മാറുമ്പോള്‍ ന്യൂസ് 18 കേരളയെ നയിക്കാനും പുതിയ മുഖം എത്തുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top