യുവാവിനെ കുത്തിക്കൊന്നു, ഭാര്യയുമായി ബന്ധമെന്ന സംശയത്തിന്റെ പേരിൽ

പത്തനംതിട്ട: പുല്ലാട് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് മോന്‍സിയെ കോയിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപേരൂർ, കോണ്ടൂർപാടി, കല്ലുഴത്തിൽ ചരിവുകളായിൽ ഹൗസിൽ പ്രദീപ് (41) ആണ് മരിച്ചത്. ഇൻസ്പെക്ടർ വി.സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്ന് രാവിലെയാണ് പുല്ലാട് വയലിലെ ചെളിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിൽ പ്രദീപിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. പോലീസ് എത്തി പുറത്തെടുത്തപ്പോള്‍ വയറില്‍ കുത്തേറ്റ് കുടല്‍മാല പുറത്തു വന്ന നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസിന്റെ സംശയം.

പുല്ലാട് കവലയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് മോന്‍സി. ഇയാളുടെ ഭാര്യയും പ്രദീപുമായി അടുപ്പമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിലുള്ള വാക്കേറ്റം പതിവായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടില്‍വരുന്നതായും മോന്‍സി സംശയിച്ചിരുന്നു.

മോൻസിയുടെ ഭീഷണി കാരണം പ്രദീപ് കുറച്ച് ദിവസമായി വീട്ടിൽ വന്നിരുന്നില്ല. മോൻസിയെ പേടിച്ച് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദീപിനെ അന്വേഷിച്ച് മോൻസി വീട്ടിൽ വന്ന് കാത്തുനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിനു നേരേ ആക്രമണമുണ്ടായത്. മോന്‍സിയുടെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ‘എടീ അവന്‍ എന്നെ കുത്തിയടീ’ എന്ന് പ്രദീപ് പറഞ്ഞതായി മോന്‍സിയുടെ ഭാര്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും രാത്രിയിൽ ഏറെ വൈകി തിരഞ്ഞിട്ടും പ്രദീപിനെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് മോന്‍സി രാത്രി വീട്ടില്‍ വന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചത്. അയാളെ തീര്‍ത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തില്‍ താഴ്ത്തിയിട്ടുണ്ടെന്നും മോന്‍സി മകളോട് പറഞ്ഞതായി ഭാര്യ അറിയിച്ചു. തുടര്‍ന്ന് പാടത്ത് തിരയാന്‍ ആവശ്യപ്പെട്ടെങ്കിലും രാത്രി പ്രദീപിനെ കണ്ടെത്താനായില്ല. ഒടുവിൽ പിന്നീട് ഇന്ന് പുലർച്ചെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വയറില്‍ കുത്തേറ്റ് കുടല്‍മാല പുറത്തു വന്ന നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top