പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാരിന് വീഴ്ച; ഉന്നയിക്കുന്നത് അനാവശ്യ വിമര്‍ശനം; അപേക്ഷ ലഭിച്ചയുടന്‍ ഇടപ്പെട്ടു; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഡല്‍ഹി : ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനുള്ള നടപടികള്‍ വൈകിയത് കര്‍ണ്ണാടക സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
മെയ് 21 നാണ് നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയത്തിന് മുന്നില്‍ എത്തിയത്. ഉടന്‍തന്നെ ഇതില്‍ നടപടിയും തുടങ്ങിയിട്ടുണ്ട്. മെയ് 23ന് പ്രജ്വലിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നിലവിലുളള നിയമപ്രകാരം മാത്രമേ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയു. പാസ്‌പോര്‍ട്ട് നിയമപ്രകാരം കോടതി നിര്‍ദേശമുണ്ടായോലൊ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മാത്രമേ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കഴിയൂ. ഇതിനുളള നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി. സ്വന്തം വീഴ്ച മറയ്ക്കാനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം പറയുന്നതെന്നും ജയശങ്കര്‍ ആരോപിച്ചു.
ഇന്നലെയാണ് പ്രജ്വലിന് വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസയച്ചത്. പാസ്പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കി നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറാണ് കാരണം ബോധിപ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
പ്രജ്വല്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നിരവധി ദ്യശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെ ഇരകളായ സ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തു. 300 ലധികം സ്ത്രീകളുടേതായ 2976 ലധികം ദൃശ്വങ്ങളാണ് നാടാകെ പരന്നത്. ഇതോടെ ഇരയായ സ്ത്രീകള്‍ക്കായി കര്‍ണാടക പോലീസ് ഹെല്‍പ് ലൈന്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. പ്രജ്വലിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here