പീഡനക്കേസ് പ്രതിയായി മുങ്ങിയ എൻഡിഎ എംപി പ്രജ്വൽ രേവണ്ണ ഒരു മാസമായിട്ടും കാണാമറയത്ത്; നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാതെ കേന്ദ്രം; ആശയറ്റ് ഇരകൾ

ബെംഗലൂരു: എണ്ണിയാലൊടുങ്ങാത്ത ലൈംഗികപീഡനക്കേസുകളിൽ പ്രതിയായി രാജ്യംവിട്ട എംപി പ്രജ്വൽ രേവണ്ണയെ ഇനിയും കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണ സംഘം. കർണാടകയിൽ വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രിൽ 26നോ പിറ്റേന്നോ നയതന്ത്ര പാസ്പോർട്ടിൽ ജർമ്മനിയിലേക്ക് കടന്ന പ്രജ്വലിനെതിരെ ചെറുവിരലനക്കാൻ രാജ്യത്തെ നിയമസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഇയാളെ തിരികെയെത്തിക്കാൻ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്ന വിഷയത്തിൽ കർണാടക സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടരുകയുമാണ്. പ്രധാനമന്ത്രി അടക്കം നേരിട്ടെത്തിയാണ് ഹാസനിൽ ഇയാൾക്കായി വോട്ട് അഭ്യർത്ഥിച്ചത്.

പ്രജ്വലിൻ്റെ ലൈംഗിക പീഡനത്തിനിരയായ നൂറ് കണക്കിന് സ്ത്രീകൾ സാമൂഹിക ഒറ്റപ്പെടൽ നിമിത്തം കടുത്ത മാനസിക സംഘർഷത്തിലാണ്. തങ്ങൾ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പല ഇരകളും പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും രേഖാമൂലം പരാതി നൽകാൻ തയ്യാറാകാത്തത് കൊണ്ട് കേസ് രജിസ്റ്റർ ചെയ്യാനാവാത്ത സ്ഥിതിയിലാണ് പ്രത്യേക അന്വേഷണ സംഘം. പീഡനത്തിന് ഇരയായ സ്ത്രീകളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതു മൂലം മിക്കവരും നാടുവിടുകയോ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുകയോ ആണ്. ഇരകളിൽ ബഹുഭൂരിപക്ഷവും ഹാസ്സനിലും പരിസരങ്ങളിലുമുള്ള ഗ്രാമവാസികളാണ്. പലരെയും വീട്ടുകാർ ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. പരാതിപ്പെട്ട ഇരകളുടെ പേരുവിവരങ്ങളും ചിത്രങ്ങളുമൊക്കെ ചില പ്രാദേശിക മാധ്യമങ്ങളിൽ വന്നതോടെ ഇരകളിലധികം പേരും പരാതി കൊടുക്കാതെ ഒഴിഞ്ഞു മാറുകയാണ്.

കർണാടകയിൽ വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രിൽ 26നോ പിറ്റേന്നോ ഹാസ്സനിലെ എംപിയായ പ്രജ്വൽ നാടുവിട്ടെന്നാണ് അനുമാനം. എംപി എന്ന നിലയിലുള്ള നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ നാടുവിട്ടത്. ഈ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. മെയ് 21നാണ് കർണാടക സർക്കാരിൻ്റെ കത്ത് കിട്ടിയത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിലപാട്. എന്തായാലും പ്രജ്വൽ രേവണ്ണ പിടികിട്ടാപ്പുള്ളിയായി വിദേശത്ത് എവിടെയോ ഒളിച്ചു താമസിക്കുന്നുണ്ട്.

മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി പോലീസ് പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തിയെങ്കിലും ഇരകൾക്ക് ഇപ്പോഴും ആത്മവിശ്വാസം കൈവരിക്കാനായിട്ടില്ല എന്നാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പറയുന്നത്. അതിജീവിതകളുടെ പേരുവിവരങ്ങൾ പുറത്താക്കിയവർക്കെതിരെ നടപടി എടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. രേവണ്ണ കുടുംബത്തിൻ്റെ സ്വാധീനം കാരണവും പരാതിപ്പെടാൻ പലരും മടിക്കുകയാണ്. എന്നിട്ടും മുന്നോട്ട് വന്നവരാണ് ഇപ്പോൾ അപമാനഭാരത്താൽ ഓടിയൊളിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top