ഗൗഡ കുടുംബത്തിൽ ഭിന്നത; പ്രജ്വൽ രേവണ്ണ കീഴടങ്ങണമെന്ന് പിതൃസഹോദരൻ കുമാരസ്വാമി; ദേവ​ഗൗഡയും അസ്വസ്ഥൻ, രാജി വയ്ക്കാനൊരുങ്ങി

ബെംഗളൂരു: രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പ്രജ്വല്‍ രേവണ്ണയോട് പരസ്യ അഭ്യർഥനയുമായി ജെഡിഎസ് അധ്യക്ഷനും പിതൃ സഹോദരനുമായ എച്ച്.ഡി.കുമാരസ്വാമി. കുടുംബത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ പ്രജ്വൽ രേവണ്ണ പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണമെന്ന് കുമാരസ്വാമി അഭ്യർഥിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ എങ്കിലും തിരിച്ചെത്തണം എന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടത്.

ബെംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. “ഏതെങ്കിലും തരത്തിൽ പ്രജ്വല്‍ രേവണ്ണയ്ക്ക് മുത്തശ്ശൻ എച്ച്.ഡി.ദേവ​ഗൗഡയോടും പാർട്ടി പ്രവർത്തകരോടും ആദരവുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കണം.”

“വിഷയം അറിഞ്ഞതോടെ എച്ച്.ഡി. ദേവഗൗഡ അസ്വസ്ഥനായിരുന്നു. രാജ്യസഭയിൽ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങി. ഞങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.” കുമാരസ്വാമി പറഞ്ഞു

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33കാരനായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. ചില സ്ത്രീകള്‍ പരാതി നല്‍കിയതോടെ ഏപ്രില്‍ 27നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. ഇവരിൽ ചിലരെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ പ്രജ്വലിൻ്റെ പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു.

ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാണ് പ്രജ്വല്‍ രേവണ്ണ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഇയാൾക്കായി വോട്ട് തേടി ഇവിടെ എത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് ഇയാൾ രാജ്യം വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top