ലൈംഗിക പീഡനക്കേസില്‍ മെയ് 31ന് കീഴടങ്ങുമെന്ന് പ്രജ്വല്‍ രേവണ്ണ; ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്; തനിക്കെതിരെയുളളത് കള്ളക്കേസുകളെന്നും എംപി

ബംഗലൂരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണ ഈ മാസം 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങും. വീഡിയോ സന്ദേശത്തിലൂടെ പ്രജ്വല്‍ തന്നെയാണ് നാട്ടില്‍ തിരിച്ചെത്തി കീഴടങ്ങുമെന്ന വിവരം അറിയിച്ചത്.

‘ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. 31ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമി(എസ്‌ഐടി)ന് മുന്നിലെത്തും. അന്വേഷണവുമായി സഹകരിക്കും. ചുമത്തിയിട്ടുള്ളത് കള്ളക്കേസുകളാണ് ‘ പ്രജ്വല്‍ വീഡിയോയില്‍ പറയുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചന എന്ന് വിളിച്ച പ്രജ്വല്‍ രേവണ്ണ വിഷാദത്തിലും ഒറ്റപ്പെടലിലും ആണെന്നും പറഞ്ഞു. താന്‍ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതൃത്വത്തോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി എന്‍ഡിഎക്കെതിരെ പ്രചാരണം കടുപ്പിക്കുകയാണ്. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണതിനാലാണ് നിശബ്ദത പാലിച്ചത്. ഹാസനില്‍ ചില ദുഷ്ടശക്തികള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രജ്വല്‍ ആരോപിക്കുന്നുണ്ട്

ഹാസനില്‍ നിന്നുള്ള എംപിയായ പ്രജ്വല്‍ രേവണ്ണയുടെ രണ്ടായിരത്തോളം ലൈംഗിക വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. നൂറിലധികം സ്ത്രീകളാണ് ഇരയായത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് അശ്ലീല ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചെന്നാണ് ജെഡിഎസിന്റെ ആരോപണം.

ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് പ്രജ്വല്‍ ഇത്തണ ഹാസനില്‍ മത്സരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാസനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി പ്രജ്വലിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് ജര്‍മ്മനിയിലേക്ക് മുങ്ങിയ ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ഏപ്രില്‍ മുപ്പതിന് ജെഡിഎസ് പ്രജ്വലിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കേസില്‍ പ്രജ്വലിന്റെ പിതാവും ഹോളനര്‍സിപുര എംഎല്‍എയുമായ എച്ച്ഡി രേവണ്ണയേയും അറസറ്റ് ചെയ്തിരുന്നു. പ്രതിചേര്‍ത്തിരുന്നു.പരാതിക്കാരിയെ തട്ടിക്കൊണ്ടു പോയതിനാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top